ഡോ. രാജേന്ദ്രപ്രസാദ് മുതൽ മുർമു വരെ; ഇവർ ഇന്ത്യയുടെ രാഷ്ട്രപതിമാർ
text_fieldsഡോ. രാജേന്ദ്രപ്രസാദ്
ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. 1952ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ അഞ്ചു സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ.
ബിഹാറാണ് അദ്ദേഹത്തിന്റെ സംസ്ഥാനം. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തിയാണ് ഇദ്ദേഹം.1946ലെ ഇടക്കാല മന്ത്രിസഭയിൽ ഭക്ഷ്യ, കൃഷിമന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുക്കപ്പെട്ട ജവഹർലാൽ മന്ത്രിസഭയിലും ഇതേ വകുപ്പിൽ മന്ത്രിയായിരുന്നു.
ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ ഭരണഘടനാ നിർമാണസഭയാണ് രാജ്യത്തിന്റെ ഭരണഘടന നിർമിച്ചത്. ഭാരതം റിപ്പബ്ലിക്കായ 1950 ജനുവരി 26മുതൽ അദ്ദേഹം ഇടക്കാല രാഷ്ട്രപതിയായി പ്രവർത്തിച്ചു. ഇതുൾപ്പെടെ മൂന്നുതവണ അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചു.1962ൽ ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963 ഫെബ്രുവരി 28ന് 78ാം വയസ്സിൽ അന്തരിച്ചു. സത്യഗ്രഹ ഓഫ് ചമ്പാരൻ, വിഭജിക്കപ്പെട്ട ഇന്ത്യ, ആത്മകഥ, മഹാത്മജിയുടെ പാദങ്ങളിൽ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
ഡോ. എസ്. രാധാകൃഷ്ണൻ
മൂന്നാമത് തെരഞ്ഞെടുപ്പിലാണ് (1962ൽ) ഡോ. സർവെപ്പള്ളി രാധാകൃഷ്ണൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ തിരുത്തണിയിൽ 1888 സെപ്റ്റംബർ അഞ്ചിനാണ് ജനനം. ദാർശനികൻ, വിദ്യാഭ്യാസ ചിന്തകൻ, മികച്ച അധ്യാപകൻ എന്നീനിലകളിൽ ശ്രദ്ധേയൻ. ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാഷ്ട്രപതിയാകുന്ന ആദ്യവ്യക്തിയാണ് അദ്ദേഹം. രണ്ടുതവണ ഉപരാഷ്ട്രപതിയായി.
1954ൽ ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചു. ആദ്യമായായിരുന്നു ഒരു രാഷ്ട്രപതിക്ക് ഭാരതരത്‌ന ലഭിക്കുന്നത്. രാഷ്ട്രപതിയായി മത്സരിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർഥികൂടിയായിരുന്നു ഡോ. രാധാകൃഷ്ണൻ. ഭാരതീയ ദർശനം, ദി പ്രിൻസിപ്പിൾ ഓഫ് ഉപനിഷദ്, ദി ധർമപഥ് തുടങ്ങി 150ഓളം പുസ്തകങ്ങൾ രചിച്ചു. 1975 ഏപ്രിൽ 17ന് 86ാം വയസ്സിൽ രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് 1962 മുതൽ അധ്യാപകദിനമായി ആചരിക്കുന്നു.
സക്കീർഹുസൈൻ
1967ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡോ. സക്കീർ ഹുസൈൻ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 17 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആന്ധ്രയിലാണ് ജനനം. മുസ്‌ലിം സമുദായത്തിൽനിന്ന് ആദ്യമായി രാഷ്ട്രപതിയായ വ്യക്തിയാണ് അദ്ദേഹം. 1952, 1956 വർഷങ്ങളിൽ രാജ്യസഭാംഗമായിരുന്നു.
1957ൽ ബിഹാർ ഗവർണറായി. രാജ്യസഭാംഗവും ഗവർണർപദവിയും വഹിച്ചശേഷം രാഷ്ട്രപതി സ്ഥാനത്തേെക്കത്തുന്ന ആദ്യവ്യക്തിയാണ് സക്കീർ ഹുസൈൻ. 1962ലാണ് ഉപരാഷ്ട്രപതിയാകുന്നത്. ബർലിൻ യൂനിവേഴ്‌സിറ്റിയിൽനിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. 29ാമത്തെ വയസ്സിൽ ജാമിഅ മില്ലിയ സർവകലാശാലയുടെയും 1948ൽ ഇസ്ലാമിയ സർവകലാശാലയുടെയും വൈസ് ചാൻസലർ പദവികൾ അലങ്കരിച്ചു. ഭാരതരത്‌ന, പത്മവിഭൂഷൺ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്.
1969മേയ് മൂന്നിന് രാഷ്ട്രപതിയായിരിക്കെയായിരുന്നു സക്കീർ ഹുസൈന്റെ അന്ത്യം. ഇതോടെ പദവികാലം പൂർത്തിയാക്കാത്ത ആദ്യ രാഷ്ട്രപതിയും അദ്ദേഹമായി. 'എലമെൻററി പൊളിറ്റിക്കൽ ഇക്കോണമി' എന്ന പുസ്തകമാണ് ശ്രദ്ധേയം.
വി.വി. ഗിരി
ഡോ. സക്കീർ ഹുസൈന്റെ മരണത്തെതുടർന്ന് 1969 മേയ് മൂന്നുമുതൽ ജൂലൈ 20 വരെ വി.വി. ഗിരി ആക്ടിങ് രാഷ്ട്രപതിയായി. വരാഹഗിരി വെങ്കിട ഗിരി എന്നാണ് പൂർണനാമം. തുടർന്ന്, 1969 ജൂലൈ 20 മുതൽ 1969 ആഗസ്റ്റ് 24വരെ മുഹമ്മദലി ഹിദായത്തുല്ല ആക്ടിങ് പ്രസിൻറായിരുന്നു. തുടർന്ന്, വി.വി. ഗിരി വീണ്ടും തെരഞ്ഞെടുപ്പിലൂടെ പ്രസിഡൻറായി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഏറ്റവും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദഹം തെരഞ്ഞെടുക്കപ്പട്ടത്. ഒഡിഷയിലെ ബർഹംപൂർ സ്വദേശിയായിരുന്നു. തൊഴിലാളിപ്രസ്ഥാനങ്ങളിലും ഗ്രന്ഥശാലാപ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. 1926ലും 1942ലും ഓൾ ഇന്ത്യാ ട്രേഡ് യൂനിയൻ കോൺഗ്രസിന്റെ പ്രസിഡൻറായിരുന്നു.1974 ആഗസ്റ്റ് 24ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. 1975ൽ രാഷ്ട്രം ഭാരതരത്‌ന നൽകി ആദരിച്ചു. 1980 ജൂൺ 23ന് 85ാം വയസ്സിൽ വി.വി. ഗിരി അന്തരിച്ചു. 'മൈ ലൈഫ് ആൻഡ് ടൈംസ്' എന്ന പേരിൽ ആത്മകഥയുടെ ഒന്നാംഭാഗമടക്കം ഏതാനും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഫക്രുദ്ദീൻ അലി അഹ്മദ്
1974 ആഗസ്റ്റ് 24നാണ് ഫക്രുദ്ദീൻ അലി അഹ്മദ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. 1905മേയ് 13ന് ദൽഹിയിലെ സമ്പന്നകുടുംബത്തിലാണ് ജനനം. പ്രസിഡൻറായിരിക്കെ 1977 ഫെബ്രുവരി 11ന് 71ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ പ്രസിഡൻറാണ് അദ്ദേഹം.
വിവിധയിടങ്ങളിലായി ഉന്നതപഠനം നേടിയ അദ്ദേഹം 1931ൽ കോൺഗ്രസിൽ ചേർന്ന് സജീവരാഷ്ട്രീയത്തിൽ പ്രവർത്തിച്ചുതുടങ്ങി. 1937ൽ അസം നിയമസഭാംഗവും 1952ൽ രാജ്യസഭാംഗവും 1966ൽ കേന്ദ്രമന്ത്രിയുമായി. ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹ്മദ്.
നീലം സഞ്ജീവ റെഡ്ഡി
രാജ്യത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതിയാണ് നീലം സഞ്ജീവ റെഡ്ഡി. 1977 ജൂലൈ 21നു നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം രാഷ്ട്രപതിയായത്. ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. ആന്ധ്രയിലെ അനന്തപൂർ ജില്ലയിലെ ഇല്ലൂരിലാണ് റെഡ്ഡി ജനിച്ചത്. രാഷ്ട്രപതിയാകുമ്പോൾ വയസ്സ് 64. ബിരുദധാരിയല്ലാത്ത ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.
ഒരിക്കൽ തോറ്റ് പിന്നീട് രാഷ്ട്രപതിയായ വ്യക്തിയെന്ന പ്രത്യേകതയും ഇദ്ദേഹത്തിനാണ്. മുഖ്യമന്ത്രി, ലോക്‌സഭ സ്പീക്കർ എന്നീ പദവികൾ വഹിച്ചശേഷം രാഷ്ട്രപതിസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയും ഇദ്ദേഹമാണ്. ആന്ധ്ര സംസ്ഥാനം രൂപവത്കരിച്ചശേഷം ആദ്യമുഖ്യമന്ത്രിയായി. 1959ൽ കോൺഗ്രസ് പ്രസിഡൻറായി. 1962ൽ വീണ്ടും മുഖ്യമന്ത്രിയായി. 1964ൽ സ്ഥാനം രാജിവെച്ചു. തുടർന്ന്, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി മന്ത്രിസഭകളിൽ മന്ത്രിയായി.
1967ലാണ് ലോക്‌സഭാസ്പീക്കറാകുന്നത്. 1969ൽ സ്പീക്കർസ്ഥാനം രാജിവെച്ചാണ് അദ്ദേഹം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വി.വി. ഗിരിയായിരുന്നു എതിർസ്ഥാനാർഥി. എന്നാൽ, റെഡ്ഡി നേരിയ ഭൂരിപക്ഷത്തിന് തോറ്റു. ഇടവേളക്കുശേഷം 1975ൽ ജനതാപാർട്ടിയിൽ ചേർന്നു. ആന്ധ്രയിൽനിന്ന് വീണ്ടും ലോകസഭയിലെത്തി സ്പീക്കറായി. പിന്നീട്, ഫക്രുദ്ദീൻ അലി അഹ്മദിന്റെ മരണത്തെതുടർന്നു നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 37 പേർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ റെഡ്ഡിയുടേതൊഴികെ മറ്റെല്ലാം തള്ളിപ്പോയി. തുടർന്ന്, ഇദ്ദേഹത്തിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടു. 1982ൽ കാലാവധി അവസാനിച്ചു. 1996ൽ ജൂൺ ഒന്നിന് സഞ്ജീവറെഡ്ഡി അന്തരിച്ചു.
ഗ്യാനി സെയിൽസിങ്
രാജ്യത്തെ ഏഴാമത് രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്. സിക്കുകാരനായ ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സന്താപനിൽ 1916 മേയ് അഞ്ചിനാണ് സെയിൽ സിങ്ങിന്റെ ജനനം. മതഗ്രന്ഥങ്ങളിൽ അപാര പാണ്ഡിത്യമുണ്ടായിരുന്നു. കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ച ഇദ്ദേഹം ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിമാറി. യഥാർഥ പേര് ജർണയിൽ സിങ് എന്നാണ്.
ഫരീദ്‌കോട്ട് രാജാവിനെ ധിക്കരിച്ച് രാഷ്ട്രീയത്തിലിറങ്ങിയതിന്റെ പേരിൽ 22ാം വയസ്സിൽ സെയിൽസിങ് ജയിലിലടക്കപ്പെട്ടു. അങ്ങനെ, ജയിൽ സിങ്ങായി. അത് പരിഷ്‌കരിച്ച് സെയിൽ സിങ് എന്നാക്കി. സെയിൽഎന്നാൽ അറിവുള്ളവൻ എന്നാണർഥം. പിന്നീട് പഞ്ചാബിൽ മന്ത്രി, രാജ്യസഭാംഗം, പഞ്ചാബ് മുഖ്യമന്ത്രി, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1982ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുൻ സുപ്രീംകോടതി ജഡ്ജി ഹാൻസ്‌രാജ് ഖന്നയെ തോൽപിച്ചാണ് സെൽയിൽ സിങ് രാഷ്ട്രപതിയാകുന്നത്. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഇന്ദിര ഗാന്ധിയുടെ വധം (1984 ഒക്‌ടോബർ 31)നടന്നത്. 'ഓർമക്കുറിപ്പുകൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. 1994 ഡിസംബർ 25ന് സെയിൽ സിങ് അന്തരിച്ചു.
ആർ. വെങ്കിട്ടരാമൻ
1987 ജൂലൈ 13നാണ് രാജ്യത്തിന്റെ എട്ടാമത് രാഷ്ട്രപതിയായി ആർ. വെങ്കിട്ടരാമൻ തെരഞ്ഞെടുക്കപ്പെട്ടത്. മുഴുവൻ പേർ രാമസ്വാമി വെങ്കിട്ടരാമൻ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ രാജമഠം ഗ്രാമത്തിൽ 1910 ഡിസംബർ 10ന് ജനനം. സ്വാതന്ത്ര്യസമര സേനാനി, രാജ്യതന്ത്രഞ്ജൻ, അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂനിയൻ നേതാവ്, പത്രാധിപർ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ആർ. വെങ്കിട്ടരാമൻ. സുപ്രീംകോടതിയിൽ അഭിഭാഷകനായിരുന്നു.
1950-52ലെ ഇടക്കാല പാർലമെൻറിൽ അംഗമായിരുന്നു. 1952ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1955മുതൽ 1999വരെ യു.എൻ അഡ്മിനസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായിരുന്നു. 77ൽ വീണ്ടും പാർലമെൻറ് അംഗമായി. തുടർന്ന്, കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയുമായി. 1987ൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മലയാളിയായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഒരു മലയാളി രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാഷ്ട്രപതിയായിരിക്കെ ആദ്യമായി ചൈന സന്ദർശിക്കുന്നത് (1992ൽ) വെങ്കിട്ടരാമനാണ്. 'മൈ പ്രസിഡൻഷ്യൽ ഇയേഴ്‌സ്' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഇദ്ദേഹം.
ശങ്കർ ദയാൽ ശർമ
മധ്യപ്രദേശിലെ ഭോപാലിൽ കർഷകകുടുംബത്തിൽ 1918 ആഗസ്റ്റ് 19ന് ജനിച്ച ഡോ. ശങ്കർ ദയാൽ ശർമ 1992 ജൂലൈ 25നാണ് രാജ്യത്തിന്റെ ഒമ്പതാമത് രാഷ്ട്രപതിയാകുന്നത്. സ്വാതന്ത്ര്യസമരസേനാനി, ഗവേഷകൻ, നിയമഞ്ജൻ, രാഷ്ട്രതന്ത്രഞ്ജൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ചു.
1978ൽ കോൺഗ്രസ് പ്രസിഡൻറ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ ഗവർണർ, 1987ൽ ഉപരാഷ്ട്രപതി, രാജ്യസഭാചെയർമാൻ, കേന്ദ്രമന്ത്രി എന്നീ നിലകളിൽ ശർമ മികച്ച പ്രകടനം കാഴ്ചവെച്ചു. 'ഹൊറൈസൻ ഓഫ് ഇന്ത്യൻ എജുക്കേഷൻ' അടക്കം നിരവധി പുസ്തകങ്ങൾ രചിച്ചു. 1999 ഡിസംബർ 26ന്, 81ാം വയസ്സിൽ അദ്ദേഹം നിര്യാതനായി.
കെ.ആർ. നാരായണൻ
മലയാളിയായ ആദ്യത്തെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ വ്യക്തിയാണ് കെ.ആർ. നാരായണൻ. കോച്ചേരിൽ രാമൻ നാരായണൻ എന്നാണ് മുഴുവൻ പേര്. ആദ്യ ദലിത് രാഷ്ട്രപതിയെന്ന വിശേഷണവും ഇദ്ദേഹത്തിനാണ്. 1920 ഒക്‌ടോബർ 20ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിൽ പെരുമന്താനം ഉഴവൂർ വില്ലേജിൽ ജനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ രാഷ്ട്രപതിയാണ് ഇദ്ദേഹം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉയർന്ന ഭൂരിപക്ഷം, കൂടുതൽ വോട്ട് എന്നിവയും കെ.ആർ. നാരായണന് സ്വന്തം.
ദരിദ്ര ചുറ്റുപാടിൽനിന്ന് ഉന്നതസ്ഥാനത്തെത്തിയ വ്യക്തിയാണ് ഇദ്ദേഹം. ഉഴവൂർ ഗവ. എൽ.പി സ്‌കൂൾ, കുറുവിലങ്ങാട് സെൻറ് മേരീസ് സ്‌കൂൾ, കൂത്താട്ടുകുളം സെൻറ് ജോൺസ് ഹൈസ്‌കൂൾ, കോട്ടയം സി.എം.എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പിന്നീട്, സ്വദേശത്തും വിദേശത്തുമായി വിവിധ വിഷയങ്ങളിൽ നിരവധി സർവകലാശാലാബിരുദങ്ങൾ നേടിയിട്ടുണ്ട്. 1945ൽ ഡൽഹിയിൽ ഇന്ത്യൻ ഓവർസീസ് സർവീസിൽ ജോലിലഭിച്ചു. 1984ൽ അമേരിക്കയിൽനിന്ന് മടങ്ങിയെത്തിയശേഷമാണ് കെ.ആർ. നാരായണൻ സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്. 1984ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സംവരണ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായി. പിന്നീട് 1989ലും 1991ലും ഇതേ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് ലോക്‌സഭയിൽ അംഗമായി. 1992ൽ ഉപരാഷ്ട്രപതിയായി. ഇദ്ദേഹത്തിന്റെ കാലത്താണ് പൊഖ്‌റാൻ അണുപരീക്ഷണം, കാർഗിൽയുദ്ധം എന്നിവ നടന്നത്. പെതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സമ്മതിദാനാവകാശ വിനിയോഗത്തിന് പൊതുജനത്തിന് പുതിയ സന്ദേശം നൽകിയ രാഷ്ട്രപതിയാണ് കെ.ആർ. നാരായണൻ.
ഇന്ത്യ ആൻഡ് അമേരിക്ക, എസ്സെയ്‌സ് ഇൻ അണ്ടർസ്‌ററാൻഡിങ്, ഇമേജസ് ആൻഡ് ഇൻസൈറ്റ്‌സ്, നെഹ്‌റു ആൻഡ് ഹിസ് വിഷൻ എന്നിവയടക്കം നിരവധി പുസ്തകങ്ങൾ രചിച്ചു. ബർമക്കാരിയായ മാ ടിൻറ് ടിൻറ് ആണ് ഭാര്യ. ഇവർ പിന്നീട് ഉഷ എന്ന പേര് സ്വീകരിച്ചു. 2005 നവംബർ 9ന് കെ.ആർ. നാരായണൻ അന്തരിച്ചു.
എ.പി.ജെ. അബ്ദുൽകലാം
ശാസ്ത്രരംഗത്തെ പ്രഗല്ഭ വ്യക്തിത്വമാണ് 11ാമത്തെ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുൽകലാം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 1931ഒക്‌ടോബർ 13ന് ജനിച്ച ഇദ്ദേഹത്തിന്റെ മുഴുവൻ പേര് അവുൽപക്കീർ ജൈനുലാബ്ദീൻ അബ്ദുൽകലാം. പത്രവിതരണക്കാരനായി ജീവിതപ്രയാണമാരംഭിച്ച് ശാസ്ത്രപരീക്ഷണങ്ങളിൽ പുതിയ അധ്യായങ്ങൾ രചിച്ച് രാജ്യത്തിന്റെ രാഷ്ട്രപതിയായിമാറുകയായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എയർനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദംനേടി ഡി.ആർ.ഡി.ഒയിൽ സീനിയർ സയ്ൻറിഫിക് അസിസ്റ്റൻറായി. 1973ൽ പി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടറായി. അഗ്‌നി, പ്രഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി കലാമായിരുന്നു. 1992ൽ രാജ്യരക്ഷാമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ഭാരത സർക്കാറിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊഖ്‌റാൻ അണുസ്‌ഫോടനത്തിന് മുഖ്യനേതൃത്വം നൽകി.
അണ്ണാസർവകലാശാലയിൽ പ്രഫസറായി ജോലിചെയ്യവെ 2002ജൂലൈ 25നാണ് അദ്ദേഹം രാജ്യത്തിന്റെ പ്രഥമപൗരനാകുന്നത്. 1997ൽ ഭാരതരത്‌ന ലഭിച്ചു. രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.
1990ൽ പത്മഭൂഷൺ, 1981ൽ പത്മവിഭൂഷൺ, 1997ൽ ഇന്ദിര ഗാന്ധി ദേശീയോദ്ഗ്രഥന അവാർഡ്, ആര്യഭട്ട അവാർഡ്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 2009ലെ ഇൻറർനാഷണൽ വോൺ കർമൺ വിങ്‌സ് അടക്കം നിരവധി സംസ്ഥാന-ദേശീയ-അന്തർ ദേശീയ ബഹുമതികൾ കലാമിന് ലഭിച്ചു. കൂടാതെ, മുപ്പതിലധികം സർവകലാശാലകൾ ഡോക്‌ടേറേറ്റ് നൽകി ആദരിച്ചു.
ആത്മകഥയായ വിങ്‌സ് ഓഫ് ഫയർ, ഇഗേ്‌നറ്റഡ് മൈൻഡ്‌സ്, മൈ ജേണി, ദി ലൈഫ് ട്രീ ഗൈഡിങ് സോൾസ് തുടങ്ങിയവ കലാമിന്റെ പ്രധാന പുസ്തകങ്ങളാണ്. വിങ്‌സ് ഓഫ് ഫയർ, അഗ്‌നിച്ചിറകുകൾ എന്നപേരിൽ മലയാളത്തിൽ വിവർത്തനം ചെയ്തിരുന്നു.
പ്രതിഭാപാട്ടീൽ
രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭ പാട്ടീൽ. 1934 ഡിസംബർ 19ന് മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ജില്ലയിൽ ജനിച്ചു. പ്രതിഭദേവീസിങ് പാട്ടീൽ എന്നാണ് മുഴുവൻ പേര്. നിയമബിരുദധാരിയാണ്. പഠന കാലത്ത് മികച്ച ടേബ്ൾ ടെന്നീസ് താരമായിരുന്നു.
28ാം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് 1962ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു. 1965ൽ രാജസ്ഥാൻ സ്വദേശിയായ ഡോ. ദേവിസിങ് ശെഖാവത്ത് പ്രതിഭയെ വിവാഹം ചെയ്തു. 1967, 72, 78, 80 വർഷങ്ങളിൽ തുടർച്ചയായി മഹാരാഷ്ട്രയിൽനിന്നുതന്നെ നിയമസഭയിലെത്തി. 62ലും, 72ലും മന്ത്രിയായി. 78ൽ പ്രതിപക്ഷനേതാവായി. അങ്ങനെ, അവിടത്തെ ആദ്യ വനിതാ പ്രതിപക്ഷനേതാവെന്ന ബഹുമതി കിട്ടി. 1985ൽ രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർമാനായി. 1991ൽ അമരാവതി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലെത്തി. ഇതിനിടെ 1988-90 കാലഘട്ടത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷപദവിയും അലങ്കരിച്ചു. 1994ൽ രാജസ്ഥാൻ ഗവർണറായി നിയമിതയായി. 2007 ജൂൈല 25നാണ് രാഷ്ട്രപതിയായി അധികാരമേൽക്കുന്നത്.
പ്രണബ് മുഖർജി
1935ഡിസംബർ 11ന് ബംഗാളിലെ ബിർബൂം ജില്ലയിൽ കിർണഹാർ ടൗണിനടുത്ത് മിറാത്തി ഗ്രാമത്തിലാണ് പ്രണബ് മുഖർജിയുടെ ജനനം. 'സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ' എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രണബ് മുഖർജി കൊൽക്കത്ത സർവകലാശാലയിൽനിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നിവയിൽ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
അധ്യാപകൻ, മാധ്യമപ്രവർത്തകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1969മുതൽ ദീർഘകാലം രാജ്യസഭാംഗമായി. ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ, നിരവധി തവണ കേന്ദ്രമന്ത്രി, എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു. 2004ലും 2009ലും ബംഗാളിലെ ബന്ദിപ്പൂർ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് ലോക്‌സഭാംഗമായി. 2019ൽ ഭാരതരത്ന നൽകി ആദരിച്ചു. 2008 പത്മവിഭൂഷണും നൽകിയിരുന്നു. 2020 ആഗസ്റ്റ് 31നാണ് മരണം.
രാംനാഥ് കോവിന്ദ്
രാജ്യത്തെ 14ാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. മുൻ ബിഹാർ ഗവർണറായിരുന്ന കോവിന്ദ് കാൺപൂരിൽനിന്നുള്ള ദലിത് നേതാവുകൂടിയാണ്. 1945 ഒക്ടോബർ ഒന്നിന് കാൺപൂരിലാണ് ജനനം. കാൺപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടി.
പതിനാറു വർഷം ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു. ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ ബിഹാർ ഗവർണർ സ്ഥാനമേറ്റെടുത്ത കോവിന്ദ് 2017 ജൂണിൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ലോക്സഭ സ്പീക്കർ മീര കുമാറായിരുന്നു എതിർ സ്ഥാനാർഥി.
ദ്രൗപതി മുർമു
ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. എൻ.ഡി.എയുടെ പ്രതിനിധിയായ ഇവർ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്. കൂടാതെ പ്രതിഭ പാട്ടീലിന് ശേഷമുള്ള രണ്ടാമത്തെ വനിത രാഷ്ട്രപതി കൂടിയാണ് മുർമു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുർ എൻ.എ.സിയുടെ വൈസ് ചെയർപേഴ്സണായി. ബി.ജെ.പി ടിക്കറ്റിൽ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡീഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2013 മുതൽ 2015 വരെ എസ്.ടി മോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ദ്രൗപതി മുർമു.
2015ൽ ഝാർഖണ്ഡിലെ ആദ്യ വനിത ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡിലെ ഒമ്പതാം ഗവർണറായിരുന്നു ഇവർ. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ് മുർമു. സാന്താൽ വംശജയായ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയർന്നുകേട്ടിരുന്നു. 1958 ജൂൺ 20നാണ് ജനനം. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. 2022 ജൂലൈ 25ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.