ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തുന്നുവെന്ന് ഉറപ്പാക്കണം -ഇന്ത്യ
text_fieldsന്യൂഡൽഹി: മാനുഷിക ദുരന്തമായി മാറിയ ഗസ്സയിലെ ഇസ്രായേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും ഇസ്രായേൽ- ഹമാസ് യുദ്ധം ചർച്ച ചെയ്യാൻ വിളിച്ച ബ്രിക്സ്-പ്ലസ് സംയുക്ത വെർച്വൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല.
ബന്ദികളെ വിട്ടയക്കണം. അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. ഇതിനായി ലോകമെമ്പാടുമുള്ള നിരവധി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫലസ്തീൻ ജനതയുടെ ആശങ്കകൾ ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ. ഫലസ്തീന് വേണ്ടി യുഎൻ റിലീഫ് ആൻഡ് വെൽഫെയർ ഏജൻസിക്ക് ഇന്ത്യ പ്രതിവർഷം 5 മില്ല്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുന്നുണ്ട്. ഇതിനകം 16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെ 70 ടൺ സഹായം ഇന്ത്യ അയച്ചതായും ദുരിതാശ്വാസ സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്രായേലും ഫലസ്തീനും രണ്ട് രാജ്യങ്ങളായി മാറണം’
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ഫലസ്തീൻ ജനത ആഗ്രഹിക്കുന്നത് പോലൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന് ഇന്ത്യയും ആസ്ട്രേലിയയും ആവശ്യപ്പെട്ടു. ഇസ്രായേലും ഫലസ്തീനും അന്താരാഷ്ട്ര അതിർത്തികളുള്ള രണ്ട് രാജ്യങ്ങളായി മാറുകയാണ് പരിഹാരമെന്നും ഇരു രാജ്യങ്ങളും കൂട്ടിച്ചേർത്തു.
ഇന്ത്യ-ആസ്ട്രേലിയ 14-ാമത് വിദേശ മന്ത്രാലയ സംഭാഷണത്തിലാണ് ഇന്ത്യയും ആസ്ട്രേലിയയും ഇസ്രായേൽ - ഹമാസ് യുദ്ധവും പശ്ചിമേഷ്യൻ പ്രതിസന്ധിയും ചർച്ചചെയ്തതെന്ന് കേന്ദ്ര വിദേശ മന്ത്രി ഡോ. എസ്. ജയശങ്കറും ആസ്ട്രേലിയൻ വിദേശ മന്ത്രി പെനി വോങ്ങും സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അറബ് നേതാക്കൾ മോസ്കോയിൽ
മോസ്കോ: ഗസ്സയിൽ പ്രശ്നപരിഹാരം തേടി അറബ്- ഇസ്‍ലാമിക നേതാക്കളുടെ ലോക പര്യടനം തുടരുന്നു. ചൊവ്വാഴ്ച മോസ്കോയിലെത്തിയ നേതാക്കൾ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. ഏതുതരം ഭീകരതയെയും റഷ്യ എതിർക്കുന്നതായി അഭിപ്രായപ്പെട്ട അദ്ദേഹം ചിലർ ചെയ്ത കുറ്റത്തിന് എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയല്ലെന്നും യുദ്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.