ഡോ. വി. അനന്ത നാഗേശ്വരൻ കേന്ദ്ര സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഡോ. വി. അനന്ത നാഗേശ്വരൻ കേന്ദ്ര സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സി.ഇ.എ) നിയമിതനായി. മൂന്നുവർഷ കാലാവധി പൂർത്തിയാക്കി കെ.വി. സുബ്രഹ്മണ്യൻ വിരമിച്ച ഒഴിവിലാണ് നിയമനം.
2019-21 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ (പി.എം.ഇ.എ.സി) അംഗമായിരുന്നു അനന്ത നാഗേശ്വരൻ. എഴുത്തുകാരൻ, അധ്യാപകൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രശസ്തനാണ്. 1985ൽ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും 1994ൽ മാസച്യുസെറ്റ്സ് ആംഹെർസ്റ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. നിരവധി ബിസിനസ് സ്കൂളുകളിലും ഇന്ത്യയിലെയും സിങ്കപ്പൂരിലെയും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിപ്പിച്ചിട്ടുണ്ട്.
ഐ.എഫ്.എം.ആർ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയിരുന്നു. ക്രെഡിറ്റ് ന്യൂസ് ഗ്രൂപ്പ് എ.ജി, ജൂലിയസ് ബെയർ ഗ്രൂപ്പ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള തക്ഷശില ഇൻസ്റ്റിറ്റ്യൂഷന്റെ സഹ സ്ഥാപകനാണ്. 'കാൻ ഇന്ത്യ ഗ്രോ?', 'ദി റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ് ആൻഡ് ക്യുയേർസ്' എന്നീ ഗ്രന്ഥങ്ങളുടെ സഹരചയിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.