വിവാദ പരിസ്ഥിതി വിജ്ഞാപനം: ഹൈകോടതിയുടെ കോടതിയലക്ഷ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു
text_fieldsന്യൂഡല്‍ഹി: വിവാദ പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം 22 ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിന് കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹി ഹൈകോടതി തുടങ്ങിവെച്ച കോടതിയലക്ഷ്യ നടപടികൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.
കോടതിയലക്ഷ്യത്തിന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചതിനു പിറകെയാണ് സ്റ്റേ. അതേസമയം, ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകുന്നതിന് സുപ്രീം കോടതി അനുമതി നൽകി.ജൂലൈ 10നകം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പെട്ട എല്ലാ പ്രാദേശിക ഭാഷകളിലും കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാതെ കേന്ദ്ര വനം –പരിസ്ഥിതി മന്ത്രാലയം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള കാലാവധി അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈകോടതി നോട്ടീസ് അയച്ചിരുന്നത്.
ആഗസ്റ്റ് 17നകം നോട്ടീസിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇ.ഐ.എ കരട് വിജ്ഞാപനത്തിെൻറ പരിഭാഷ പ്രസിദ്ധീകരിക്കാതിരുന്നതിലൂടെ കോടതി ഉത്തരവ് ധിക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് ബോധിപ്പിച്ച് പരിസ്ഥിതി പ്രവര്ത്തകന് വിക്രാന്ത് തൊംഗാഡ് ആണ് കേന്ദ്രത്തിെൻറ കോടതിയലക്ഷ്യത്തിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നത്. ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമഭേദഗതിയായതിനാല് പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ജൂണ്‍ 30നാണ് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നത്.
ഇ.െഎ.എ വിജ്ഞാപനം പിൻവലിക്കണം –സോണിയ
ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം എത്രയും വേഗം പിൻവലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ആവശ്യപ്പെട്ടു. രാജ്യത്തെ പരിസ്ഥിതി നിയന്ത്രണങ്ങളെ ഇല്ലാതാക്കുന്നതാണ് കരട് വിജ്ഞാപനം. പരിസ്ഥിതി സംരക്ഷിക്കാനുള്ള ആദ്യപടിയെന്ന നിലയിൽ വിജ്ഞാപനം പിൻവലിക്കണം. പൊതുജനാഭിപ്രായം സ്വരൂപിച്ച് അതിെൻറ അടിസ്ഥാനത്തിൽ ദേശീയ അജണ്ട രൂപപ്പെടുത്തുകയാണെങ്കിൽ മഹാമാരിക്കും ആഗോള താപനത്തിനുമെതിരായ ലോക പോരാട്ടത്തിെൻറ മുൻനിരയിൽ നിൽക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും സോണിയ പറഞ്ഞു.
''പ്രകൃതിയെ സംരക്ഷിക്കുകയാണെങ്കിൽ അവൾ നമ്മേയും സംരക്ഷിക്കും'' രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. പരിസ്ഥിതി വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കാൻ കഴിഞ്ഞ ഞായറാഴ്ച രാഹുൽ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് നേതാക്കളുടെ വിമർശനം അപക്വമാണെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചു. അന്തിമ വിജ്ഞാപനത്തിന് മുമ്പ് ജനങ്ങളുടെ നിർദേശങ്ങൾ കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.