ദ്രൗപതി മുർമുവും യശ്വന്ത് സിൻഹയും; ഇവരാണ് രാഷ്ട്രപതി സ്ഥാനാർഥികൾ
text_fieldsരാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ദ്രൗപതി മുർമുവും യശ്വന്ത് സിൻഹയുമാണ് രണ്ടു പ്രധാന സ്ഥാനാർഥികൾ. ഏറെ ചർച്ചകൾക്കുശേഷമായിരുന്നു എൻ.ഡി.എയുടെയും പ്രതിപക്ഷത്തിന്റെയും സ്ഥാനാർഥി പ്രഖ്യാപനം. ഝാർഖണ്ഡ് മുൻ ഗവർണറും ഒഡീഷ മുൻ മന്ത്രിയുമാണ് എൻ.ഡി.എ സ്ഥാനാർഥിയായ ദ്രൗപതി മുർമു. മുൻ ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ. ബി.ജെ.പിയിൽനിന്ന് രാജിവെച്ചശേഷം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു അദ്ദേഹം.
യശ്വന്ത് സിൻഹയുടെ പേര് ഉയർന്നുവരുന്നതിന് മുമ്പ് പ്രതിപക്ഷ സ്ഥാനാർഥിയായി മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാർ, ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല, മുൻ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകൾ ഉയർന്നുകേട്ടിരുന്നു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇരു സ്ഥാനാർഥികളും. ഇരുസ്ഥാനാർഥികളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
ദ്രൗപതി മുർമു
ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. എൻ.ഡി.എയുടെ ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയാകും. കൂടാതെ പ്രതിഭ പാട്ടീലിന് ശേഷമുള്ള രണ്ടാമത്തെ വനിത രാഷ്ട്രപതി കൂടിയാകും മുർമു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുർ എൻ.എ.സിയുടെ വൈസ് ചെയർപേഴ്സണായി. ബി.ജെ.പി ടിക്കറ്റിൽ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡീഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
2013 മുതൽ 2015 വരെ എസ്.ടി മോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു ദ്രൗപതി മുർമു. 2015ൽ ഝാർഖണ്ഡിലെ ആദ്യ വനിത ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു. 2015 മുതൽ 2021 വരെ ഝാർഖണ്ഡ് ഗവർണറായി സേവനം അനുഷ്ഠിച്ചു. ഝാർഖണ്ഡിലെ ഒമ്പതാം ഗവർണറായിരുന്നു ഇവർ. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ് മുർമു. സാന്താൽ വംശജയായ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയർന്നുകേട്ടിരുന്നു. 1958 ജൂൺ 20നാണ് ജനനം. വെല്ലുവിളികൾക്കിടയിലും പഠനം പൂർത്തിയാക്കി. ഭുബനേശ്വറിലെ രമാദേവി വിമൻസ് കോളജിൽനിന്ന് ബി.എ പൂർത്തിയാക്കി. പിന്നീട് റായ് രംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജൂക്കേഷൻ സെന്ററിൽ അധ്യാപികയായി. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്.
യശ്വന്ത് സിൻഹ
ബിഹാറിലെ പട്ന സ്വദേശിയാണ് 84കാരനായ യശ്വന്ത് സിൻഹ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. 1960 മുതൽ സിവിൽ സർവിസിന്റെ ഭാഗമായിരുന്ന സിൻഹ 24 വർഷത്തെ സേവനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലെത്തി.
1984ലായിരുന്നു ജനത പാർട്ടിയിലേക്കുള്ള പ്രവേശനം. 1986ൽ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭ എം.പിയുമായി അദ്ദേഹം. 1989ൽ ജനതാദൾ രൂപീകരിച്ചപ്പോൾ സിൻഹയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കി. 1990-1991ലെ ചന്ദ്രശേഖർ സർക്കാരിൽ ധനമന്ത്രിയായിരുന്നു അദ്ദേഹം. കൂടാതെ 1998 മാർച്ച് മുതൽ 2002 ജൂലൈ വരെ അടൽ ബിഹാരി വാജ്പേയ് സർക്കാരിലും ധനമന്ത്രിയായിരുന്നു സിൻഹ. പിന്നീട് 2002 ജൂലൈ മുതൽ 2004 മേയ് വരെ വിദേശ കാര്യമന്ത്രിയുമായി. 2018ൽ ബി.ജെ.പിയിൽനിന്ന് രാജിവെച്ചു. 2021 മാർച്ച് 13നായിരുന്നു സിൻഹയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനം. പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുന്നതിന് 2022 ജൂൺ 21ൽ തൃണമൂൽ വിടുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.