ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുനട്ട് ദ്രാവിഡ കക്ഷികൾ
text_fieldsചെന്നൈ: ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ മുഖ്യധാരാ ദ്രാവിഡ കക്ഷികളായ ഡി.എം.കെയും അണ്ണാ ഡി.എം.കെയും രംഗത്ത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 5.8 ശതമാനം മുസ്ലിംകളും 6.1 ശതമാനം ക്രിസ്ത്യാനികളുമാണ്. തമിഴ്നാട്ടിലെ 19 ലോക്സഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ സംസ്ഥാനത്തെ രണ്ട് പ്രബല മുസ്ലിം സംഘടനകളായ മനിത നേയമക്കൾ കക്ഷി(എം.എം.കെ), മുസ്ലിംലീഗ് എന്നിവ ഡി.എം.കെ സഖ്യത്തിലാണ്. തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ രാഷ്ട്രീയ രൂപമാണ് എം.എം.കെ.
2023 സെപ്റ്റംബറിൽ ബി.ജെ.പിയുമായ ബന്ധം അണ്ണാ ഡി.എം.കെ അവസാനിപ്പിച്ചിരുന്നു. ഇക്കാരണത്താൽ എസ്.ഡി.പി.ഐ, അസാദുദ്ദിൻ സലാവുദ്ദിൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം, ഐ.എൻ.എൽ തുടങ്ങിയ സംഘടനകൾ അണ്ണാ ഡി.എം.കെയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുശേഷം അണ്ണാ ഡി.എം.കെക്ക് ദേശീയതലത്തിൽ നരേന്ദ്ര മോദിയെ മാത്രമേ പിന്തുണക്കാൻ കഴിയൂവെന്നും പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പി -അണ്ണാ ഡി.എം.കെ രഹസ്യധാരണ നിലനിൽക്കുന്നുണ്ടെന്നുമുള്ള ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഏശുന്നുണ്ട്.
നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ അണ്ണാ ഡി.എം.കെക്കെതിരെ മൗനംപാലിക്കുകയും ഡി.എം.കെ, കോൺഗ്രസ് കക്ഷികൾക്ക് നേരെമാത്രം വിമർശനങ്ങളുന്നയിക്കുന്നതും ഈ സംശയത്തിന് ബലമേകുന്നു.
ന്യൂനപക്ഷാഭിമുഖ്യം പുലർത്തുന്നുണ്ടെങ്കിലും ഇരു ദ്രാവിഡ കക്ഷികളും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സീറ്റ് നൽകാൻ മുന്നോട്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഡി.എം.കെയുടെ 21 സ്ഥാനാർഥികളിൽ ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യമില്ല. മണ്ഡലങ്ങളിലെ ജാതി, മത സമവാക്യങ്ങളാണിതിന് കാരണം.
തിരുനെൽവേലിയിലെ കോൺഗ്രസ് സ്ഥാനാർഥി സി.റോബർട്ട് ബ്രൂസിനും രാമനാഥപുരത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി നവാസ് കനിയുമാണ് ഡി.എം.കെ സഖ്യത്തിലെ ന്യൂനപക്ഷ സ്ഥാനാർഥികൾ. അണ്ണാ ഡി.എം.കെയുടെ 32 സ്ഥാനാർഥികളിൽ കന്യാകുമാരിയിൽ പസിലിയൻ നസ്രത്തും ശിവഗംഗയിൽ പനങ്കുടി എ.സേവ്യർദാസും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്.
എൻ.ഡി.എ വിടാനുള്ള അണ്ണാ ഡി.എം.കെ തീരുമാനത്തെ വരവേറ്റ മക്കൾ ജനനായക കക്ഷി നേതാവും മുൻ നാഗപട്ടണം എം.എൽ.എയുമായ തമിമുൻ അൻസാരി പക്ഷേ, ഡി.എം.കെ സഖ്യത്തോടൊപ്പമാണ് നിലകൊള്ളുന്നത്. ജനപിന്തുണയുള്ള അൻസാരിയെ കൂടെ നിർത്താൻ അണ്ണാ ഡി.എം.കെ പല ശ്രമങ്ങളും നടത്തിയെങ്കിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച് സംസാരിച്ചതോടെ നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
മോദി സർക്കാറിനെതിരായ പോരാട്ടത്തിൽ ജനാധിപത്യവും ഫാഷിസവും തമ്മിലുള്ള മത്സരത്തിൽ ‘ഇൻഡ്യ മുന്നണി’ മികച്ച ബദലാണെന്ന വിലയിരുത്തലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായതെന്ന് അൻസാരി പിന്നീട് വിശദീകരിച്ചു.
മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ അണ്ണാ ഡി.എം.കെയെ അപേക്ഷിച്ച് ഡി.എം.കെക്ക് കഴിഞ്ഞിട്ടുണ്ട്. വിവാദമായ പൗരത്വ നിയമ ഭേദഗതി (സി.എ.എ) ഉൾപ്പെടെ വിവിധ ബില്ലുകൾ പാസാക്കുന്നതിൽ ബി.ജെ.പിക്ക് കൂട്ടുനിൽക്കുന്നതായ ഡി.എം.കെ ആരോപണം അണ്ണാ ഡി.എം.കെയെ പ്രതിക്കൂട്ടിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.