സ്വകാര്യ മേഖലയിൽ ഏഴു പദ്ധതികൾക്ക് ഡി.ആർ.ഡി.ഒ അനുമതി
text_fieldsന്യൂഡൽഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ സ്വകാര്യ മേഖലയിൽ ഏഴ് പുതിയ പദ്ധതികൾക്ക് അനുമതി നൽകി. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ് ഐ.ആർ.ഒ.വി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, പുണെയിലെ സാഗർ ഡിഫൻസ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, നോയിഡയിലെ ഓക്‌സിജൻ ടു ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കാണ് വിവിധ പദ്ധതികൾ നൽകിയത്.
ആഭ്യന്തരമായി പ്രതിരോധ സംവിധാനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വികസന ഫണ്ടിന് കീഴിൽ പദ്ധതികൾക്ക് അനുമതി നൽകിയത്. സമുദ്ര മേഖലയിലെ രഹസ്യാന്വേഷണം, നിരീക്ഷണം എന്നിവ വർധിപ്പിക്കുന്നതിന് സഹായകമാകുന്ന, വെള്ളത്തിനടിയിൽ വിക്ഷേപിക്കാവുന്ന ആളില്ലാ വാഹനത്തിന്റെ നിർമാണ അനുമതിയാണ് സാഗർ ഡിഫൻസ് എൻജിനീയറിങ്ങിന് ലഭിച്ചത്.
വിമാനങ്ങൾക്കുള്ള ഐസ് ഡിറ്റക്ഷൻ സെൻസർ, റഡാർ സിഗ്നൽ പ്രോസസർ, സമുദ്രാന്തർ ഭാഗത്തെ വസ്തുക്കളെ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്യാനുള്ള സംവിധാനങ്ങളുടെ നിർമാണം എന്നിവ ഐ.ആർ.ഒ.വി ടെക്‌നോളജീസും റഡാർ സിഗ്നൽ പ്രൊസസറിന്റെ വികസനം, ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ വികസനം എന്നിവ ഓക്‌സിജൻ ടു ഇന്നൊവേഷനും നിർവഹിക്കും.
സാങ്കേതികവിദ്യകളുടെ തദ്ദേശീയ വികസനം സൈന്യത്തിന് കരുത്താകുമെന്ന് ഡി. ആർ.ഡി.ഒ പ്രസ്താവനയിൽ അറിയിച്ചു.
ബജറ്റിന് മുന്നോടിയായി യോഗം
ന്യൂഡൽഹി: 2024-25ലെ ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായും നിതി ആയോഗ് ഉദ്യോസ്ഥരുമായും കൂടിയാലോചന നടത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കൂടിയാലോചനയിൽ പങ്കെടുത്തു.
ജൂലൈ 23നാണ് കേന്ദ്ര ധനമന്ത്രി മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റ് അവതരിപ്പിക്കുക. നിതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറിയും മറ്റു അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.