വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന കോവിഡ് പ്രതിരോധ മരുന്ന് 11 മുതൽ വിതരണം ചെയ്യുമെന്ന് ഡി.ആർ.ഡി.ഒ മേധാവി
text_fieldsന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചതെന്ന പേരിൽ കോവിഡിനെതിരായ മരുന്നിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന്, ഡി.ആർ.ഡി.ഒ ലാബും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നായിരുന്നു വികസിപ്പിച്ചത്.
വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന തരം പൗഡർ രൂപത്തിലുള്ള മരുന്നാണിത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയ മരുന്ന് മെയ് 11 ചൊവ്വാഴ്ച്ച മുതൽ അടിയന്തര ഉപയോഗത്തിനായി വിതരണം ചെയ്യാൻ തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് ഡി.ആർ.ഡി.ഒ മേധാവി ജി. സതീശ് റെഡ്ഡി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശ് റെഡ്ഡി ഇക്കാര്യം വെളിപ്പെടുത്തിയത്.
കോവിഡ് വൈറസിനെ ചെറുക്കുന്നതിൽ മരുന്ന് ഫലപ്രദമാണെന്നും ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശരീരത്തിലെ ഓക്സിജെൻറ അളവ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഡിആർഡിഒ മേധാവി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് രോഗികൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മരുന്ന് ഫലം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മരുന്നിെൻറ ഫലപ്രാപ്തി ചോദ്യംചെയ്ത് ആരോഗ്യ മേഖലയിലെ വിദഗ്ധർ പലരും രംഗത്തെത്തിയിട്ടുണ്ട്. അത് കോവിഡിനെതിരെയുള്ള മരുന്നല്ലെന്നും ചില കോശങ്ങളുടെ മാത്രം ഒാക്സിജൻ ഡിമാൻഡ് കുറക്കാൻ മാത്രമേ അതിന് കഴിയൂ എന്നും അറിയപ്പെടുന്ന കോശ ശാസ്ത്രജ്ഞനും യൂനിവേഴ്സിറ്റി ഒാഫ് ചിക്കാഗോയിലും ജോൺഹോപ്കിൻസ് സർവ്വകലാശാലയിലും ജോലിചെയ്തിരുന്ന ആളുമായ എതിരൻ കതിരവൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.