അതിവേഗ മിസൈൽ പ്രൊപ്പൽഷൻ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ
text_fieldsബാലസോർ/ന്യൂഡൽഹി: അതിവേഗം വ്യോമഭീഷണികൾ തടയാൻ മിസൈലിന് ശേഷി നൽകുന്ന പ്രൊപ്പൽഷൻ സംവിധാനം വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ). സോളിഡ് ഫ്യുവൽ ഡക്‌റ്റഡ് റാംജെറ്റ് (എസ്.എഫ്.ഡി.ആർ) ബൂസ്റ്റർ എന്ന സംവിധാനം ഒഡിഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് വെള്ളിയാഴ്‌ച പരീക്ഷിച്ചത്.
ശബ്ദത്തേക്കാൾ (സൂപ്പർസോണിക്) വേഗത്തിൽ ഏറെ അകലെയുള്ള ആകാശഭീഷണി തടയാൻ മിസൈലിനെ പ്രാപ്‌തമാക്കുന്നതാണ് എസ്.എഫ്.ഡി.ആർ അധിഷ്ഠിത പ്രൊപ്പൽഷൻ സിസ്റ്റം (ചലനശക്തി സംവിധാനം). പുതിയ സംവിധാനം അന്തരീക്ഷത്തിൽനിന്ന് അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകളുടെ പരിധി കൂട്ടാൻ ഡി.ആർ.ഡി.ഒയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറി, ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമാറത്ത്, പുണെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി തുടങ്ങിയവയുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണവിജയത്തിന് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, രാജ്യത്തെ നിർണായക മിസൈൽ സാങ്കേതികവിദ്യ വികസനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.