നൂഹ് സ്വദേശിയായ ഡ്രൈവർ ഗുരുഗ്രാമിൽ മരിച്ച നിലയിൽ
text_fieldsഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽനിന്ന് വാഹനത്തിൽ ആടുകളുമായി കച്ചവടത്തിന് പോയ ഡ്രൈവറെ ഗുരുഗ്രാമിൽ ശരീരമാസകലം പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നൂഹിലെ തപ്കൻ ഗ്രാമവാസിയായ റസാഖ് ഖാനാണ് (54) മരിച്ചത്. ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. റസാഖിനെ വ്യാഴാഴ്ച വൈകീട്ട് ഏഴുമുതലാണ് കാണാതായതെന്ന് അയൽവാസിയായ മുഹമ്മദ് അൻസാർ പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച ഗുരുഗ്രാമിലെ മോട്ടോർസൈക്കിൾ ഷോറൂമിന് സമീപം റസാഖിന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
റസാഖിന്റെ കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കുണ്ടായിരുന്നതായി മകൻ ശാകിർ ഖാൻ പറഞ്ഞു. പിതാവിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽനിന്ന് ഇറങ്ങുമ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. നൂഹ് സംഘർഷത്തിന്റെ തുടർച്ചയായ ആൾക്കൂട്ട കൊലപാതകമാണിത്. മൃതദേഹം പരിശോധിക്കാൻ പൊലീസ് അനുവദിച്ചില്ലെന്നും മകൻ ആരോപിച്ചു.
ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. ഹരിയാനയിലെ മേവാത്ത് പ്രദേശത്തുനിന്ന് കാലികളുമായി പോകുന്ന മുസ്ലിം കച്ചവടക്കാർക്കുനേരെ ആക്രമണം പതിവാണ്. അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.