ഡ്രോൺ ആക്രമണം: പിന്നിൽ ലശ്കറെന്ന് ഡി.ജി.പി
text_fieldsജമ്മു/ന്യൂഡൽഹി: ജമ്മു വ്യോമസേന താവളത്തിൽ ഞായറാഴ്ചയുണ്ടായ ഇരട്ട ഡ്രോൺ (വിദൂര നിയന്ത്രിത ആളില്ലാ പേടകം) ആക്രമണത്തിന് പിന്നിൽ നിരോധിത ഭീകരസംഘടനയായ ലശ്കറെ തയ്യിബയാണെന്ന് സംശയിക്കുന്നതായി ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ്. അതിർത്തി കടന്നാണ് ഡ്രോൺ എത്തിയതെന്ന് സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേന കേന്ദ്രത്തിൽ സ്ഫോടക വസ്തു നിറച്ച ഡ്രോൺ ആക്രമണത്തിൽ രണ്ടു വ്യോമസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ഒറ്റ നില കെട്ടിടത്തിെൻറ മേൽക്കുര തകരുകയുംചെയ്തിരുന്നു. രാജ്യത്ത് ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. സ്ഫോടക വസ്തുക്കളിൽ ആർ.ഡി.എക്സുമുണ്ടായിരുന്നു. അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു. വ്യോമതാവളത്തിലെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം രണ്ടു ഡ്രോണുകൾ ജമ്മുവിലെ സൈനിക കേന്ദ്രത്തിന് മുകളിൽ എത്തിയെങ്കിലും സൈന്യം വെടിയുതിർത്തതോടെ ഇത് പറന്നകന്നു. അതേസമയം, വ്യോമതാവളത്തിലെ ഡ്രോൺ ആക്രമണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചൊവ്വാഴ്ച കേസ് എൻ.ഐ.എക്ക് കൈമാറിയത്.
യു.എന്നിൽ ആശങ്ക ഉയർത്തി ഇന്ത്യ
യു.എൻ: ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണം തടയുന്നതിന് ഐക്യരാഷ്ട്ര സഭയിൽ ലോക രാജ്യങ്ങളുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ച് ഇന്ത്യ. ജമ്മുവിലെ വ്യോമത്താവളത്തിൽ ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. യു.എന്നിലെ ഭീകരവിരുദ്ധ ഏജൻസിയുടെ ഉന്നതല തല യോഗത്തിൽ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ചുമതലയുള്ള സ്പെഷൽ സെക്രട്ടറി വി.എസ്.കെ. കൗമുദിയാണ് വിഷയം ഉന്നയിച്ചത്. കോവിഡ് സാഹചര്യത്തിൽ വെർച്വലായാണ് യോഗം ചേർന്നിരുന്നത്.
വിവര സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്ത് ഭീകരർ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ ലോക രാജ്യങ്ങൾ കൂട്ടായ നടപടികൾ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇൻറർനെറ്റ്, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ വിവര സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്താണ് ഭീകരർ ആശയ പ്രചാരണവും റിക്രൂട്ട്മെൻറും നടത്തുന്നത്. പുതിയ ഓൺലൈൻ പേമെൻറ് സംവിധാനങ്ങളും ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമുകളും ഭീകരർ ദുരുപയോഗം ചെയ്യുകയാണ്.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിവര ശേഖരണം, ആയുധം / സ്ഫോടകവസ്തു വിതരണം തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾ ദുഷിച്ച ആവശ്യങ്ങൾക്കായി പുതിയ വ്യോമ/ ഉപ-ഉപരിതല പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരം ആക്രമണങ്ങൾ തടയുന്നതിന് ലോക രാജ്യങ്ങൾ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.