ജെ.ഡി.എസിനെ കൈവിട്ടു; മുസ്‍ലിം വോട്ടുകളുടെ ഏകീകരണം തുണയായത് കോൺഗ്രസിന്
text_fieldsകർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം വോട്ടുകളുടെ ഏകീകരണം കോൺഗ്രസിന് തുണയായപ്പോൾ തിരിച്ചടിയുണ്ടാക്കിയത് ജെ.ഡി.എസിന്. സംസ്ഥാനത്ത് 13 ശതമാനത്തോളമാണ് മുസ്‍ലിം വോട്ടർമാരുള്ളത്. ഇത് കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളിലേക്ക് വിഭജിച്ചുപോകുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, അത് ഇത്തവണ കോൺഗ്രസിന് അനുകൂലമാവുകയായിരുന്നു.
ബി.ജെ.പി സർക്കാർ എടുത്തുകളഞ്ഞ നാല് ശതമാനം മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കും, ബജ്റംഗ്ദളിനെ നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും ഹിജാബ് നിരോധനവും ഹലാൽ വിവാദവും ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണവുമെല്ലാം കോൺഗ്രസിനൊപ്പം നിൽക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചു. കോൺഗ്രസിന് ഭരണം ലഭിക്കാനുള്ള സാധ്യതയും ജെ.ഡി.എസിന് വോട്ട് ചെയ്താൽ അവർ ബി.ജെ.പിയെ പിന്തുണക്കുമെന്ന ആശങ്കയും വോട്ടർമാരെ സ്വാധീനിച്ചു. ബി.ജെ.പിയിൽനിന്നുള്ള ആക്രമണവും സംവരണം എടുത്തുകളഞ്ഞതുമെല്ലാം കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാൻ മുസ്‍ലിം സമുദായത്തെ നിർബന്ധിപ്പിച്ചെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സലീം അഹ്മദ് പ്രതികരിച്ചു.
ഒമ്പത് മുസ്‍ലിം സ്ഥാനാർഥികളാണ് ഇത്തവണ നിയമസഭയിലെത്തിയത്. 2018ൽ ഇത് ഏഴായിരുന്നു. 2008ൽ ഒമ്പതും 2013ൽ പതിനൊന്നും പേർ തെരഞ്ഞെടുക്കപ്പെട്ടു. 1978ലാണ് ഏറ്റവും കൂടുതൽ പേരുണ്ടായിരുന്നത്. അന്ന് 16 പേരാണ് നിയമസഭയിലെത്തിയത്.
കോൺഗ്രസ് 15 മുസ്‍ലിം സ്ഥാനാർഥികൾക്കാണ് ഇത്തവണ സീറ്റ് നൽകിയത്. മുസ്‍ലിംകളെ സ്വാധീനിക്കാൻ ജെ.ഡി.എസ് 23 സ്ഥാനാർഥികളെ രംഗത്തിറക്കിയെങ്കിലും ഒരാളെ പോലും ജയിപ്പിക്കാനായില്ല. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം രണ്ട് സീറ്റുകളിൽ മത്സരിച്ചെങ്കിലും 0.02 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. എസ്.ഡി.പി.ഐ 16 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.