മുർമു ഇന്ത്യയിലെ ഏറ്റവും മോശം ആശയത്തിന്റെ പ്രതിനിധി; ആദിവാസികളുടെ പ്രതീകമാക്കരുതെന്ന് കോൺഗ്രസ് നേതാവ്
text_fieldsന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മോശമായ ആശയത്തെയെന്ന് കോൺഗ്രസ് നേതാവ് അജോയ് കുമാർ. മുർമുവിനെ ആദിവാസികളുടെ പ്രതീകമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അജോയിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
'ഇത് ദ്രൗപദി മുർമുവിനെ കുറിച്ചല്ല. യശ്വന്ത് സിൻഹ നല്ല സ്ഥാനാർഥിയാണ്. മുർമു നല്ല വ്യക്തിയുമാണ്. പക്ഷേ, അവർ പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ മോശം ആശയത്തെയാണ്. നമ്മൾ അവരെ ആദിവാസികളുടെ പ്രതീകമാക്കരുത്. നമുക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉണ്ടായിരിക്കെയാണ് ഹത്രാസ് സംഭവിച്ചത്. അദ്ദേഹം അതെകുറിച്ച് എന്തെങ്കിലും പറഞ്ഞോ? പട്ടിക ജാതിക്കാരുടെ അവസ്ഥ വളരെ മോശമാണ്' എന്നും കുമാർ പറഞ്ഞു.
പ്രതീകങ്ങളെ സൃഷ്ടിച്ച് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കുകയാണ് മോദി സർക്കാർ. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് നേതാവ് സമാനമനസ്കരായ എല്ലാ പാർട്ടികളും യശ്വന്ത് സിൻഹക്ക് വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.
അതേസമയം, കോൺഗ്രസ് മുർമുവിനെ അപമാനിച്ചുവെന്ന് ബി.ജെ.പിയുടെ ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല ആരോപിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ദ്രൗപദി മുർമുവായിരിക്കും ആദിവാസി വിഭാഗത്തിൽ നിന്ന് ഇന്ത്യയിലെ പ്രസിഡന്റാകുന്ന ആദ്യ ആൾ. രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. മുർമു ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായിരുന്നു (2015 -2021). ഒഡിഷയിലെ മയൂർഖഞ്ചിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച മുർമു നിരവധി വെല്ലുവിളികൾ നേരിട്ടാണ് പഠനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.