ബംഗളൂരു വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി അടക്കം രണ്ടുപേർ പിടിയിൽ
text_fieldsബംഗളൂരു: ബംഗളൂരു കെംപെഗൗഡ ഇൻറർനാഷനൽ എയർപോർട്ടിൽ 56 ലക്ഷം രൂപയുടെ മയക്കുമരു ന്നുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായി. ബംഗളൂരുവിൽനിന്നും ദോഹയിലേക്ക് ക ടത്താൻ ശ്രമിച്ച കൊക്കെയ്ൻ, ഹഷീഷ് തുടങ്ങിയവയാണ് ബംഗളൂരു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്.
ഭക്ഷണപാത്രത്തിലും കിടക്കവിരിയിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി നൗഷാദ് മണ്ണക്കംവള്ളി (24), കുടക് സ്വദേശി മുഹമ്മദ് നൗഷീർ (29) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ഒമാൻ എയറിൽ ദോഹക്ക് പോകാനെത്തിയതായിരുന്നു നൗഷാദും നൗഷീറും.
നിയമവിരുദ്ധമായി ചരക്കുകടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് നർക്കോട്ടിക്സ് അധികൃതർ എയർപോർട്ടിലെത്തി യാത്രക്കാരെ പരിശോധിച്ചത്. ദോഹ, ഡൽഹി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയാണ് പ്രത്യേക പരിശോധനക്ക് വിധേയമാക്കിയത്. തുടർന്നാണ് ഇരുവരെയും മയക്കുമരുന്ന് സഹിതം പിടികൂടുന്നത്.
കിടക്കവിരിക്കുള്ളിൽ ലഹരി വസ്തുക്കൾ ചേർത്തശേഷം തുന്നിച്ചേർക്കുകയായിരുന്നു. വിരി കീറി പരിശോധിച്ചപ്പോഴാണ് 50 ലക്ഷം രൂപ വിലവരുന്ന 4.5 കിലോ ഹഷീഷ് കണ്ടെത്തിയത്. ഇതോടൊപ്പം, ഭക്ഷണ പാത്രത്തിൽ നാലുലക്ഷം രൂപയുള്ള 955 ഗ്രാം ഉത്തേജക മരുന്നും 1.5 ലക്ഷം രൂപവിലവരുന്ന 30 ഗ്രാം കൊക്കെയ്നും കണ്ടെത്തി.
ഗൾഫ് രാജ്യങ്ങളിൽനിന്നും സ്വർണം ഉൾപ്പെടെ കടത്തുന്ന സംഘത്തിലുള്ളവരാണ് ഇവരെന്നാണ് നാർക്കോട്ടിക്സ് ബ്യൂറോയുടെ കണ്ടെത്തൽ. ബംഗളൂരുവിൽനിന്നും ഗൾഫിലേക്ക് മയക്കുമരുന്ന് കടത്തുന്നതിലും ഇവർ നേരത്തേ മുതൽ സജീവമായിരുന്നുവെന്നാണ് വിവരം. ബംഗളൂരു കേന്ദ്രമായുള്ള വലിയ ശൃംഖല ഇതിന് പിന്നിലുണ്ടാകുമെന്നാണ് അധികൃതരുടെ നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.