ഫാമിലെ ആഘോഷ പാർട്ടി; രണ്ട് പ്രമുഖ നടിമാർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു
text_fieldsബംഗളൂരു: ബംഗളൂരുവിൽ ഫാം ഹൗസിൽ നടന്ന വിവാദമായ മയക്കുമരുന്ന് പാർട്ടിയിൽ തെലുങ്കിലെ രണ്ട് പ്രമുഖ നടിമാർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. പങ്കെടുത്തവരിൽനിന്ന് ശേഖരിച്ച 98 രക്തസാമ്പിളുകളിൽ 86 പേർ മയക്കുമരുന്ന് കഴിച്ചതായി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
50ലേറെ പുരുഷന്മാരും 30 ഓളം സ്ത്രീകളും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്‍റെ സ്‌പെഷ്യൽ വിങ് ഇവർക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിക്കാൻ നോട്ടീസ് അയക്കാനൊരുങ്ങുകയാണ്.
താൻ ഹൈദരാബാദിലാണെന്നും റേവ് പാർട്ടിയിൽ പങ്കെടുത്തില്ലെന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞ നടിമാരിൽ ഒരാൾ വിഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ പ്രശസ്ത നടി മയക്കുമരുന്ന് പിടികൂടിയ റേവ് പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ പ്രതികരിച്ചിരുന്നു. മറ്റൊരു പ്രശസ്ത തെലുങ്ക് നടി താൻ പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ലെന്നുമാണ് പറഞ്ഞത്.
മേയ് 20ന് ബംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് സിറ്റിക്കടുത്തുള്ള സിങ്കേന അഗ്രഹാരയിലെ ജി.എം ഫാംഹൗസിലാണ് റേവ് പാർട്ടി നടന്നത്. തെലുങ്ക് നടീ നടന്മാരും ടെക്കികളും ഉൾപ്പെടെ നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാം ഹൗസിൽനിന്നും മയക്കുമരുന്ന് പിടികൂടുകയായിരുന്നു. പാർട്ടിയിൽ പങ്കെടുത്തവർ എം.ഡി.എം.എ, കൊക്കെയ്ൻ, ഹൈഡ്രോ ഗഞ്ച, മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ അഞ്ചു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കേസ് ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽനിന്ന് സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ചിലെ നാർകോട്ടിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.