മയക്കുമരുന്ന്: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: മയക്കുമരുന്നിനെതിരായ നടപടികൾ ശക്തിപ്പെടുത്തുന്നതിന് മയക്കുമരുന്ന് ഉപയോഗം തടയൽ നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കേന്ദ്രം. 'ഡാർക്ക് വെബ്'(ഇൻറർനെറ്റ് അധോലോകം) വഴി മയക്കുമരുന്ന് വ്യാപനം തടയുന്നതിന് കൂടി ഉദ്ദേശിച്ചാണ് 1985ലെ നാർകോട്ടിക് ആക്ട് ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത്.
നിയമ ഭേദഗതി സാധ്യമാക്കാൻ പുതിയ നോഡൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രാഥമിക പദ്ധതിക്ക് രൂപം കൊടുത്തതായി 'ഇക്കണോമിക് ടൈംസ്' വാർത്ത വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. നിയമം ശക്തമായി നടപ്പിലാക്കുന്നതിനും അന്വേഷണ പൂർത്തീകരണത്തിനും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏകോപിപ്പിക്കണമെന്നും പ്രാഥമിക പദ്ധതിയിൽ നിർദേശിക്കുന്നു. ഇതിനെ ആഭ്യന്തര വകുപ്പിന് കീഴിൽ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്.
മയക്കുമരുന്ന് തടയൽ നിയമം (നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് -1985) ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ റവന്യു മന്ത്രാലയത്തിന് കീഴിലാണ് മയക്കുമരുന്നിനെതിരായ നടപടികൾ. പുതിയ നോഡൽ ഏജൻസി നിർദേശത്തോട് റവന്യു വകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയവും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ബംഗളൂരുവിലും മുംബൈയിലും നാർകോട്ടിക് കൺട്രോൾ ബ്യൂറോ വ്യാപക മയക്കുമരുന്ന് വേട്ട നടത്തിയ പശ്ചാത്തലത്തിലാണ് നിയമഭേദതിയെ കുറിച്ച് ആവശ്യം ശക്തമായി ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.