ഡൽഹിയിൽ വൻ മയക്കുമരുന്നുവേട്ട; 27 കോടിയുടെ ലഹരിമരുന്ന് പിടികൂടി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വൻ മയക്കുമരുന്നുവേട്ട. 27 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. ലഹരിവസ്തുക്കളുടെ ഉൽപാദനവും വിതരണവും നടത്തുന്ന സ്ഥലത്താണ് റെയ്ഡ് നടത്തിയത്.എം.ഡി.എം.എ, മെത്താഫെറ്റമിൻ, കൊക്കെയ്ൻ എന്നിവയാണ് പിടികൂടിയത്.
ആഫ്രിക്കൻ പൗരൻമാർ വാടകക്കെടുത്ത സ്ഥലത്താണ് സംയുക്ത സംഘം പരിശോധന നടത്തിയത്. ഛത്ത്പൂർ മേഖലയിൽ മെത്താഫെറ്റമിൻ ഇടപാട് നടക്കാൻ പോകുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നിന്ന് 5.103 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി. ഏകദേശം 10.2 കോടി രൂപ വിലയുള്ള ലഹരി വസ്തുവാണ് പിടികൂടിയത്.
അഞ്ച് പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 1.156 കിലോഗ്രാം മെത്താഫെറ്റമിനും 5.776 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇവക്ക് 16.4 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇതിന് പുറമേ ഗ്രേറ്റർ നോയിഡയിലെ വാടക വീട്ടിലും സംയുക്തസംഘം പരിശോധന നടത്തി. ഇവിടെ നിന്നും 389 ഗ്രാം അഫ്ഗാൻ ഹെറോയിനും 26 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.