മദ്യപിച്ച് ലക്കുകെട്ട് ട്രക്ക് ഡ്രൈവർ, ഇടിച്ചിട്ടത് 50 വാഹനങ്ങളെ; ട്രക്ക് നിർത്താൻ കല്ലെറിഞ്ഞ് പിന്നാലെ കൂടി നാട്ടുകാർ -VIDEO
text_fieldsമുംബൈ: അംബർനാഥിന് സമീപം മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവർ ഇടിച്ചത് 50ഓളം വാഹനങ്ങളിൽ. റോഡിൽ റോങ് സൈഡിൽ ട്രക്ക് ഓടിച്ചായിരുന്നു ഡ്രൈവറുടെ പരാക്രമം. വണ്ടി നിർത്താനായി നാട്ടുകാർ ട്രക്കിന് നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. മദ്യപിച്ച ഡ്രൈവർ ബദൽപൂർ പൈപ്പ്‌ലൈൻ റോഡിൽ തെറ്റായ ദിശയിലെത്തി അശ്രദ്ധമായി ട്രക്ക് ഓടിക്കുകയായിരുന്നു. ആദ്യം നെവൽകർ നാകയിൽ ഒരു വാഹനത്തെ ഇടിച്ചു. പിന്നീട് പലേഗാവ്, അംബർനാഥ് അനന്ദ്‌നഗർ പൊലീസ് ചൗക്കി, വൈഭവ് ഹോട്ടൽ ചൗക്ക്, സുദമ ഹോട്ടൽ ചൗക്ക് എന്നിവിടങ്ങളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്തു.
കാറുകൾ, മോട്ടോർ സൈക്കിളുകൾ, റിക്ഷകൾ എന്നിവയ്ക്കു പുറമേ പൊലീസ് വാഹനത്തിലും ട്രക്ക് ഇടിച്ചു. മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഡ്രൈവർ വടികൊണ്ട് ആക്രമിച്ചതായും പറയപ്പെടുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡ്രൈവർ വാഹനം മുന്നോട്ടും പിന്നോട്ടും നീക്കുന്നതും റോഡിൽ കുടുങ്ങിയ വാഹനങ്ങളെ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഡ്രൈവറുടെ പ്രവൃത്തിയിൽ രോഷാകുലരായ ചിലർ റോഡിൽ നിന്ന് കല്ലുകൾ എടുത്ത് ഡ്രൈവർക്ക് നേരെ എറിയുന്നുമുണ്ട്. എന്നിട്ടും ഇയാൾ ട്രക്ക് നിർത്തുന്നില്ല.
പൊലീസും റിക്ഷാ ഡ്രൈവർമാരും വാഹനത്തെ പിന്തുടർന്നു. ആനന്ദ്‌നഗർ എം.ഐ.ഡി.സി ഏരിയയിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് മറിഞ്ഞതോടെയാണ് അപകട പരമ്പരക്ക് അവസാനമായത്. നിരവധി ഡ്രൈവർമാർക്കും യാത്രക്കാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സംഭവത്തിൽ 50-ലധികം വാഹനങ്ങൾ തകർന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.