'രാജ്യത്തിന്‍റെ യശസ്സുയർത്തിയ വനിതാ താരങ്ങളെ നേരിടുന്നത് മദ്യപിച്ചെത്തിയ പൊലീസുകാർ'; സമരപ്പന്തലിലെ അതിക്രമം ലജ്ജാകരമെന്ന് സിദ്ദു
text_fieldsന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷന്‍റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ വ്‌ജ്യോത് സിങ് സിദ്ദു. രാജ്യത്തിന്‍റെ യശസ്സുയർത്തിയ വനിതാ താരങ്ങളെ നേരിടുന്നത് മദ്യപിച്ചെത്തിയ പൊലീസുകാരാണെന്നും സമരപ്പന്തലിലെ അതിക്രമം ലജ്ജാകരമെന്നും സിദ്ദു ട്വീറ്റ് ചെയ്തു. നേരത്തെ, സിദ്ദു സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിലെത്തിയിരുന്നു.
'ദേശീയതയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവർ സത്യഗ്രഹമിരിക്കുന്നവരെ അപമാനിക്കുകയും കായികമായി നേരിടുകയും ചെയ്യുന്ന ഘട്ടമെത്തിയിരിക്കുന്നു. ഇന്ത്യയുടെ യശസ്സുയർത്തിയ വനിതകളാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. ഒരു വനിത പൊലീസ് പോലുമില്ലാതെയാണ് മദ്യപിച്ച പുരുഷ പൊലീസുകാർ വനിതാ ചാമ്പ്യന്മാർക്ക് നേരെ അതിക്രമം നടത്തിയത്. ഇത് അപമാനകരമാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അക്രമസാഹചര്യമുണ്ടായാൽ മാത്രമേ പൊലീസിന് ഇടപെടാനാകൂ. അങ്ങനെയൊന്നുമുണ്ടായിട്ടില്ല. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന മുദ്രാവാക്യമുയർത്തിയവർ തന്നെ അതിനെതിരെ പ്രവർത്തിക്കുന്ന കാഴ്ചയാണ്' -സിദ്ദു പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങളുടെ സമരം.
ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ ഇന്നലെ അർധരാത്രി പൊലീസുകാർ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സമരക്കാരെ നേരിട്ടത്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.