സർവകലാശാലകളിലെ സംവരണ അട്ടിമറി: ഡൽഹിയിൽ അധ്യാപക പ്രതിഷേധം
text_fieldsന്യൂഡൽഹി: സർവകലാശാലകളിലെ അധ്യാപക നിയമത്തിൽ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) കൊണ്ടുവന്ന പുതിയ ഫോർമുല നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ജെ.എൻ.യു, ഡൽഹി സർവകലാശാലകളിലെ അധ്യാപകരുടെ പ്രതിഷേധം. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന സംവരണം അട്ടിമറിക്കുന്നതാണ് പുതിയ ഫോർമുലയെന്നും ജെ.എൻ.യുവിലും ഡി.യുവിലും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപകർ പ്രതിഷേധത്തിന് ഇറങ്ങിയത്.
അധ്യാപകർക്ക് െഎക്യദാർഢ്യവുമായി വിദ്യാർഥി സംഘടനകളും സാമൂഹിക പ്രവർത്തകരും മണ്ടിഹൗസിൽനിന്നും പാർലമെൻറ് സ്ട്രീറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ അണിനിരന്നു. സർവകലാശാലകളിലെ മൊത്തം അധ്യാപകരുടെ എണ്ണം കണക്കാക്കി സംവരണം തീരുമാനിക്കുന്നതിന് പകരം ഓരോ ഡിപ്പാർട്മെൻറുകളെയും യൂനിറ്റുകളായി കണക്കാക്കി അവക്ക് പ്രത്യേകമായി സംവരണാനുപാതം നിശ്ചയിക്കുന്നതാണ് യു.ജി.സിയുടെ പുതിയ ഫോർമുല. ഇത് നടപ്പായാൽ ഭൂരിപക്ഷം സർവകലാശാലകളിലും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ പോസ്റ്റുകൾ ഇല്ലാതാകും. യു.ജി.സിയുടെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
2017 ഏപ്രിലിൽ അലഹാബാദ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ മറവിലായിരുന്നു യു.ജി.സി നടപടി. ബനാറസ് ഹിന്ദു സർവകലാശാലയുടെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചപ്പോഴാണ് ഡിപ്പാർട്മെൻറ് തലത്തിൽ വേണം സംവരണാനുപാതം തീരുമാനിക്കാമെന്ന് അലഹാബാദ് ഹൈകോടതി വിധിച്ചത്. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിന് ഡൽഹി സർവകലാശാല അധ്യാപക സംഘടനയായ ഡി.യു.ടി.എയും ജെ.എൻ.യു അധ്യാപക സംഘടനയായ ജെ.എൻ.യു.ടി.എയും നേതൃത്വം നൽകി. എം.പിമാരെ കണ്ട് പാർലമെൻറിൽ വിഷയം ഉന്നയിക്കുന്നതടക്കം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും ജെ.എൻ.യു.ടി.എ സെക്രട്ടറി അവിനേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.