വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ കൂടുതൽ നിയന്ത്രണം; 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മാലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. വായു ഗുണനിലവാര സൂചിക ‘ഗുരുതരമായ’ തലത്തിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം നിയന്ത്രിക്കാനുള്ള നാലാംഘട്ട നടപടികൾ നടപ്പാക്കാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷൻ തീരുമാനിച്ചു.
സർക്കാർ, സ്വകാര്യ ഓഫിസുകൾ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് കമീഷൻ നിർദേശിച്ചു. മലിനീകരണമുണ്ടാക്കുന്ന ട്രക്കുകളുടെയും വാണിജ്യ ആവശ്യങ്ങൾക്കുള്ള നാലുചക്ര വാഹനങ്ങളുടെയും പ്രവേശനം നിരോധിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സി.എൻ.ജി, ഇലക്ട്രിക്, ബി.എസ് VI വാഹനങ്ങൾ മാത്രമേ ദേശീയ തലസ്ഥാനത്ത് അനുവദിക്കൂ. കൂടുതൽ നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
എൽ.എൻ.ജി/സി.എൻ.ജി ട്രക്കുകളും അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവയും ഒഴികെയുള്ള ട്രക്കുകളുടെ ഡൽഹിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതാണ് ജി.ആര്‍.എ.പി (GRAP 4) നിർദേശിക്കുന്നത്. അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നവ/ അവശ്യ സേവനങ്ങൾ നൽകുന്നവ ഒഴികെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഡീസൽ ഓപ്പറേറ്റഡ് മീഡിയം ഗുഡ്സ് വെഹിക്കിൾസ് (എംജിവി), ഹെവി ഗുഡ്സ് വെഹിക്കിൾസ് (എച്ച്ജിവി) എന്നിവ ദേശീയ തലസ്ഥാനത്ത് നിരോധിക്കണം തുടങ്ങിയ കാര്യങ്ങള്‍ ജി.ആര്‍.എ.പിയുടെ ഘട്ടം 4ലെ ആക്ഷൻ പ്ലാൻ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.