‘എന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഗട്ടറിൽ വലിച്ചെറിയൂ’; ജീവനൊടുക്കും മുമ്പ് ടെക്കി യുവാവ് വിഡിയോയിൽ
text_fieldsബംഗളൂരു: യു.പിയിൽനിന്നുള്ള അതുൽ സുഭാഷ് എന്ന 34കാരൻ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വീട്ടിൽ സീലിംഗിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മരിക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത ഹൃദയഭേദകമായ നാലു മിനിറ്റ് വിഡിയോയിലൂടെയാണിത്. അതുൽ താൻ അനുഭവിച്ച മാനസിക പീഡനത്തെക്കുറിച്ച് വിവരിക്കുകയും കുടുംബത്തിന് നീതി ആവശ്യപ്പെടുകയും നിയമ വ്യവസ്ഥയോട് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഒരു സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതുൽ തന്റെ ഭാര്യയും ബന്ധുക്കളും ഉപദ്രവിച്ചെന്ന് ആരോപിച്ച് 24 പേജുള്ള മരണക്കുറിപ്പ് പങ്കുവെച്ചതായും പൊലീസ് വെളിപ്പെടുത്തി.
തന്നെ ഉപദ്രവിച്ചവർ നിയമത്തിനു മുന്നിൽ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്കരിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന അഭ്യർഥന. അത് സംഭവിച്ചില്ലെങ്കിൽ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു. തെറ്റായ ആരോപണങ്ങളിലും പീഡനങ്ങളിലും വേദന പ്രകടിപ്പിക്കുകയും നല്ല ഭാവിക്കായി കുട്ടിയെ സ്വന്തം മാതാപിതാക്കൾ വളർത്തണമെന്നതുൾപ്പടെ നിരവധി ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന തന്റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് പറഞ്ഞു.
ഭാര്യയെയും അവളുടെ കുടുംബത്തെയും മൃതദേഹത്തിനരികിൽ പ്രവേശിപ്പിക്കരുതെന്ന് അതുൽ ആവശ്യപ്പെട്ടു. കാമറയോ കൂടിക്കാഴ്ചയുടെ തെളിവോ ഇല്ലാതെ ഭാര്യയെയോ അവളുടെ കുടുംബാംഗങ്ങളെയോ കാണരുതെന്നും അതുൽ കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു. തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കിൽ പൊതുസ്ഥലങ്ങളിൽ വെച്ച് മാത്രം കാണുക. കേസിൽ ഉൾപ്പെട്ട ജഡ്ജിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇവരെല്ലാം ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചു. നിയമവ്യവസ്ഥയോടുള്ള തന്റെ നിരാശയിൽ എടുത്ത കടുത്ത തീരുമാനം മൂലമുണ്ടായ വേദനയിൽ മാതാപിതാക്കളോട് ക്ഷമാപണവും ഉൾപ്പെടുത്തി.
മാറത്തഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ജുനാഥ് ലേഔട്ട് ഏരിയയിലാണ് സംഭവം. അതുൽ കുറച്ചുകാലമായി ദാമ്പത്യ തർക്കം നേരിടുന്നതായി പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തർപ്രദേശിൽ ഭാര്യ തനിക്കെതിരെ കേസു കൊടുത്തത് അദ്ദേഹത്തിന്റെ വിഷമം ഏറ്റി. ഇ മെയിൽ വഴിയും താൻ ഉൾപ്പെട്ടിരുന്ന ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുമായും പങ്കുവെച്ച മരണക്കുറിപ്പിൽ അതുൽ താൻ നേരിട്ട വെല്ലുവിളികളുടെ വിശദമായ വിവരണം നൽകി. നീതിന്യായ വ്യവസ്ഥക്കെതിരായ ആരോപണങ്ങൾ അതിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.