അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്നും വീണ്ടും സിഗ്നൽ കിട്ടി; പ്രതിസന്ധിയായി പ്രതികൂല കാലാവസ്ഥ
text_fieldsമംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്നും വീണ്ടും സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിൽ നദിയിലെ മൺകൂനക്ക് അരികിൽ നിന്നാണ് സിഗ്നൽ കിട്ടിയത്. കരയിൽ നിന്നും 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ കിട്ടിയത്.
നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലാമത് ഒരു സ്ഥലത്ത് നിന്ന് കൂടി സിഗ്നൽ കിട്ടിയത്. എന്നാൽ, കൂടുതൽ പരിശോധനകൾക്ക് ശേഷമാകും ഇവിടെ തെരച്ചിൽ ശക്തമാക്കുക. ഇപ്പോൾ സിഗ്നൽ ലഭിച്ചിരിക്കുന്ന സ്ഥലത്തും ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
ലോറിക്കരികിലേക്ക് മുങ്ങൽവിദഗ്ധർക്ക് എത്താനായി കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി പോൻടൂൺ പാലം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു.
തിരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനം. അടുത്ത മൂന്ന് ദിവസവും പ്രദേശത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. കാലാവസ്ഥ തന്നെയാണ് അർജുന് വേണ്ടിയുള്ള തിരച്ചിലിൽ വില്ലനാകുന്നതെന്നും അവർ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഷിരൂരിലെത്തിയ കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.