'ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം'; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി
text_fieldsചണ്ഡീഗഢ്: ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായി മാറിയ ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്ത് നൽകി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. ഹരിയാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ ജെ.ജെ.പി ലോക്സഭ സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യം ഉപേക്ഷിച്ചത്.
വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയോട് ചൗതാല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹൂഡ വിശ്വാസവോട്ടിന് ആവശ്യപ്പെടുന്നില്ലെങ്കിൽ അത് ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ചിട്ടായിരിക്കുമെന്നും ചൗതാല വിമർശിച്ചിരുന്നു.
അതേസമയം, ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് പകരം തെരഞ്ഞെടുപ്പിനെ നേരിടുന്നതിലാണ് കോൺഗ്രസിന് താൽപര്യം. തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കുന്നതിനു പകരം ഭൂരിപക്ഷത്തോടെ സ്വന്തം സർക്കാർ രൂപവത്കരിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ജെ.ജെ.പി പിന്തുണ പ്രഖ്യാപിച്ചതിനെയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. സർക്കാറിനെതിരെയുള്ള കർഷകരോഷം നാലരവർഷം ഭരണത്തിലുണ്ടായിരുന്ന ജെ.ജെ.പിക്കെതിരെയും നിലനിൽക്കുന്നുണ്ട്. ഇതാണ് ജെ.ജെ.പി പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് മടിക്കുന്നത്. പിന്തുണ മേയ് 25ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
ആകെ 90 സീറ്റുള്ള ഹരിയാന നിയമസഭയിൽ രണ്ട് ഒഴിവോടെ ആകെ 88 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ മൂന്ന് സ്വതന്ത്രർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് സർക്കാർ ന്യൂനപക്ഷമായത്. അതേസമയം, സ്വതന്ത്രർ ഉൾപ്പെടെ 43 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. വിശ്വാസം തെളിയിക്കാൻ 45 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ജെ.ജെ.പിയുടെ നാല് എം.എൽ.എമാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. ഇതോടെ തങ്ങളെ പിന്തുണക്കുന്നവർ 47 ആവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ജെ.ജെ.പിക്ക് 10 എം.എൽ.എമാരാണുള്ളത്. എന്നാൽ, ഇവരിൽ ആറ് പേരും പലകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലയുമായി ഇടഞ്ഞുനിൽക്കുകയാണ്. കോൺഗ്രസിന് നേരത്തെ 30 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പക്ഷത്ത് 33 പേരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.