ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ മുന്നിൽ വിതുമ്പിക്കരഞ്ഞ് ദുഷ്യന്ത് ദവെ
text_fieldsന്യൂഡൽഹി: തിങ്ങി നിറഞ്ഞ കോടതിമുറിയിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് മുന്നിൽ നിന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വിതുമ്പിക്കരഞ്ഞു. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ സുപ്രീംകോടതിയിലെ അവസാനത്തെ ഔദ്യോഗിക ദിവസമായ വെള്ളിയാഴ്ച അദ്ദേഹത്തെ യാത്രയാക്കി നടത്തിയ സംസാരത്തിലാണ് ദവെ നിയന്ത്രണം വിട്ടത്.
ചീഫ് ജസ്റ്റിസ് എൻ.വി രമണ ഒരു സിറ്റിസൺ ജഡ്ജായിരുന്നുവെന്ന് പറഞ്ഞു തുടങ്ങിയതായിരുന്നു ദുഷ്യന്ത് ദവെ . രാജ്യത്തെ വലിയ ജനവിഭാഗത്തിന് വേണ്ടി ചീഫ് ജസ്റ്റിസ് എഴുന്നേറ്റു നിന്നുവെന്നും പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയും അദ്ദേഹം ഉയർത്തിപ്പിടിച്ചുവെന്നും പറഞ്ഞപ്പോഴേക്കും നിയന്ത്രണം വിട്ട് ദവെ വിതുമ്പിത്തുടങ്ങിയിരുന്നു.
താനിത്രയും വൈകാരിമാകാനുള്ള കാരണവും കോടതിമുറിയിൽ ദവെ വിവരിച്ചു. ''ചീഫ് ജസ്റ്റിസായി എൻ.വി രമണ ചുമതലയേറ്റ ദിവസം ഞാൻ ഇന്ത്യൻ എക്സ്പ്രസിൽ 'എല്ലാം നഷ്ടപ്പെട്ടു' എന്നായിരുന്നു ലേഖനമെഴുതിയത്. ഏറെ ആത്മാർഥതയോടെ എഴുതിയതായിരുന്നു അത്. ഞാനൊരു പക്ഷേ വലിയൊരു ദോഷൈകദൃക്കാവാം. പക്ഷെ കോടതികൾക്ക് യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ താങ്കൾ ഈ കോടതിയെ മുന്നോട്ടുനയിച്ചു എന്ന് ഏറെ സംതൃപ്തമായ മനസോടെ പറയാൻ കഴിയും. ജസ്റ്റിസ് യു.യു ലളിത് അത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'' - ദവെ പറഞ്ഞു.
വിതുമ്പി കൊണ്ട് തന്നെ ദവെ സംസാരം തുടർന്നു.
''ആ സമയത്ത് ഞാൻ വളരെ സംശയാലുവായിരുന്നു. എന്നാൽ ശ്രേഷ്ഠമായ പ്രവർത്തനമാണ് താങ്കൾ കാഴ്ച വെച്ചത് എന്ന് നിർബന്ധമായും എനിക്കിന്ന് പറയേണ്ടി വന്നു. എല്ലാവരുടെയും പ്രതിക്ഷകൾക്കുമപ്പുറത്തായിരുന്നു താങ്കൾ ചെയ്തത്. ഈ കോടതി എന്തു ചെയ്യണമെന്നാണോ പ്രതീക്ഷിക്കുന്നത്, അതാണ് യഥാർഥത്തിൽ താങ്കൾ ചെയ്തത്. കോടതിക്കും ഭരണകൂടത്തിനും പാർലമെന്റിനുമിടയിലുള്ള സന്തുലനം കാത്തുസൂക്ഷിച്ചു. കോടതിയോടും അഭിഭാഷകരോടും വ്യക്തിപരമായി കോടതിയിൽ നേരിട്ട് ഹാജരായ കക്ഷികളോടു പോലും ആദരവ് കാണിച്ചു. ആശ്ചര്യപ്പെടുത്തുന്ന ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിച്ചതിന് താങ്കളെന്നും ഓർമിക്കപ്പെടുമെന്ന് രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിച്ച് താൻ പറയുകയാണ്. താങ്കളുടെ മുന്നിൽ വന്ന് നിന്ന് ഇത് പറയാൻ കഴിഞ്ഞത് ഒരു അംഗീകരമായി മനസിലാക്കുന്നു. തനിക്കിന്ന് വൈകാരികമാകാതിരിക്കാൻ കഴിയില്ല''- ദവെ തുടർന്നു.
ചീഫ് ജസ്റ്റിസ് സുപ്രീംകോടതിക്ക് നൽകിയ സംസ്കാരവും അധികാരവും ഇനിയും തുടരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് രമണയുടെ കുടുംബത്തെയും അനമോദിച്ചാണ് ദുഷ്യന്ത് ദവെ തന്റെ വൈകാരിക സംസാരം അവസാനിപ്പിച്ചത്. ജസ്റ്റിസ് യു.യു ലളിത്, അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഡ്വ. വികാസ് സിങ് തുടങ്ങിയവരും സംസാരിച്ചു. ചീഫ് ജസ്റ്റിസ് മറുപടി പ്രസംഗം നടത്തിയ സുപ്രീംകോടതിയിലെ തന്റെ കാലയളവിന് വിരാമമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.