മീഡിയാവൺ വിലക്കിൽ കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ച് ദുഷ്യന്ത് ദവെ
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഏതാനും പേർ ഈ ചാനൽ നടത്തുന്നതുകൊണ്ടു മാത്രമാണ് മീഡിയവൺ ആറാഴ്ച അടച്ചിടേണ്ടിവന്നതെന്ന് മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ സുപ്രീംകോടതിയിൽ. ചാനൽ ചട്ടങ്ങൾക്ക് തങ്ങൾ ഒരിക്കൽപോലും എതിരു നിന്നിട്ടില്ലെന്നും പിന്നെന്തിനാണ് ഈ വിലക്കെന്നും ദവെ ചോദിച്ചു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എങ്ങനെയാണ് കോടതിയിൽ വന്ന് തങ്ങൾക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് പറയുക? മീഡിയവൺ ചാനൽ നടത്താൻ അനുമതി നൽകിയതു കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും സർക്കാറിനെ തങ്ങൾ താഴെയിറക്കാൻ പോകുന്നില്ലെന്നും ദവെ കൂട്ടിച്ചേർത്തു. ചാനൽ വിലക്ക് വിവേചനപരമാണെന്ന് സമർഥിക്കുന്ന ദവെയുടെ ശക്തമായ വാദമുഖങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കേന്ദ്ര സർക്കാറിന്റെ രണ്ട് അഭിഭാഷകർക്കും കഴിഞ്ഞില്ല.
കേസ് നീട്ടിക്കൊണ്ടുപോയി ഇടക്കാല ഉത്തരവ് തടസ്സപ്പെടുത്താൻ കേന്ദ്രം നടത്തിയ നീക്കങ്ങളെയും ദവെ പ്രതിരോധിച്ചു. അടച്ചുപൂട്ടിയ ചാനൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ ലക്ഷങ്ങൾ ചെലവിടേണ്ടി വരുകയാണെന്നും ഉത്തരവ് ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും ദവെ വാദിച്ചു. തങ്ങളെ കാണിക്കാത്ത മീഡിയവണിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ ഫയലുകൾ വെളിപ്പെടുത്തണമെന്നും അതിലെന്താണെന്ന് അറിയണമെന്നും ദവെ ആവർത്തിച്ചു. തുടർന്ന് വാദം നിർത്തിവെച്ച് മൂന്നംഗ ബെഞ്ച് 'രഹസ്യ ഫയലുകൾ' പരിശോധിക്കാൻ കോടതിമുറിയിൽനിന്ന് മാറിയിരുന്നു. നിങ്ങൾ ചിലതെങ്കിലും തുറന്നു പറയേണ്ടി വരുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ രാജുവിനോട് പറഞ്ഞാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഫയൽ പരിശോധിക്കാൻ ചേംബറിലേക്ക് പോയത്.
തിരിച്ചുവന്ന മൂന്ന് ജഡ്ജിമാരും ഐകകണ്ഠ്യേന സംപ്രേഷണത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ലണ്ടനിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ തന്റെ വാദത്തിന് ഊഴം കാത്തിരുന്ന മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗിക്ക് അത് തുടങ്ങേണ്ടിപോലും വന്നില്ല.
മുദ്രവെച്ച കവറുകൾ കാണിച്ച് മീഡിയവണിനെ വിലക്കിയത് കേന്ദ്ര സർക്കാർ ഒരു തത്ത്വമാക്കിയാൽ പിന്നെ രാജ്യത്ത് ഏത് ചാനലും മാധ്യമവും ഇങ്ങനെ പൂട്ടാനാവുമെന്ന് ദവെ പറഞ്ഞപ്പോൾ ജസ്റ്റിസ് വിക്രം നാഥ് അത് ശരിവെച്ചു. സെപ്റ്റംബറിൽ ലൈസൻസ് കാലാവധി അവസാനിച്ച ശേഷവും മീഡിയവൺ ചാനലിനെ തുടരാൻ അനുവദിച്ചതുപോലെ ഇനിയും തുടരട്ടെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് ആ നിലപാടിന് പിന്തുണയേകി.
സമാനമായ നിരവധി കേസുകൾ വിവിധ ഹൈകോടതികളിലുള്ളതിനാൽ എത്രയും പെട്ടെന്ന് തീർപ്പാക്കേണ്ട പ്രധാന കേസാണ് ഇതെന്ന് കേസിൽ കക്ഷിയല്ലാതിരുന്നിട്ടും മുതിർന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ബോധിപ്പിച്ചു.
പല യൂട്യൂബ് ചാനലുകൾക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നില്ല. അതിനാൽ മീഡിയവൺ കേസ് അടിയന്തരമായി കേൾക്കണമെന്ന് ദ്വിവേദി ആവശ്യപ്പെട്ടു. കേസിൽ അമിക്കസ് ക്യുറി ആകാനുള്ള സന്നദ്ധത ദ്വിവേദി പ്രകടിപ്പിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് ദവെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.