ചീഫ് ജസ്റ്റിസിനോട് ദുഷ്യന്ത് ദവെ; ബെഞ്ച് മാറ്റം ചട്ടവിരുദ്ധം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് ഏറെ നിർണായകമായതും മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ പരിഗണിക്കുന്നതുമായ കേസുകളിൽ പൊടുന്നനെ ബെഞ്ച് മാറ്റം. നേരത്തെ പരിഗണിച്ച് നോട്ടീസയച്ച പ്രമാദമായ കേസുകളാണ് താരതമ്യേന ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് മാറ്റിയത്. ഭരണഘടന സ്ഥാപനങ്ങളുടെ നടത്തിപ്പ്, മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ ഇക്കൂട്ടത്തിലുണ്ട്.
ജഡ്ജിമാരിൽ ഏറ്റവും സീനിയറായ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, തൊട്ടു താഴെവരുന്ന ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസെ, ജസ്റ്റിസ് എ.എം. ബൊപ്പണ്ണ എന്നിവർ അധ്യക്ഷരായ ബെഞ്ചുകൾ പരിഗണിക്കുന്ന കേസുകൾ മറ്റു ബെഞ്ചുകളിലേക്ക് വിട്ടത് ചോദ്യംചെയ്ത് അഭിഭാഷകനായ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതുകയും ചെയ്തു. സുപ്രധാന കേസുകൾ മുതിർന്ന ജഡ്ജിമാർക്ക് നൽകണമെന്ന സുപ്രീംകോടതി കീഴ്വഴക്കത്തിനും ഓഫിസ് നടപടിക്രമം സംബന്ധിച്ച കൈപ്പുസ്തകത്തിനും വിരുദ്ധമാണ് നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റുവാങ്ങിയ ജഡ്ജി നിയമന കേസാണ് ബെഞ്ച് മാറ്റത്തിലൂടെ ശ്രദ്ധേയമായ ഒടുവിലത്തേത്. കൊളീജിയം ശിപാർശ ചെയ്ത ജഡ്ജി നിയമനങ്ങളിൽ നടപടി വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷൻ സമർപ്പിച്ചതായിരുന്നു ഹരജി. കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾ അംഗീകരിക്കാത്തതുകൊണ്ട് മാത്രം കൊളീജിയത്തിന്റെ ശിപാർശകൾ കേന്ദ്രത്തിന് തടയാനാവില്ലെന്ന് ജസ്റ്റിസ് കൗൾ അധ്യക്ഷനായ ബെഞ്ച് നവംബറിൽ ഓർമിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം അധ്യക്ഷനായ ബെഞ്ചിന്റെ പട്ടികയിൽനിന്ന് കേസ് നീക്കിയത്. ഈ സ്ഥിതിവിശേഷം വിചിത്രമാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.
ഡി.എം.കെ ഭരിക്കുന്ന തമിഴ്നാടുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ബെഞ്ചിന് നൽകിയത് ‘ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷന്’ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും പരസ്യമായി ചോദ്യം ചെയ്തു. ഈയിടെ ജസ്റ്റിസ് ബോസെ അധ്യക്ഷനായ ബെഞ്ച് ഇ.ഡിയുടെ അമിതാധികാരത്തിന് തിരിച്ചടി നൽകി ജാമ്യഹരജിയിൽ വിധി പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.