'നൂപുർ ശർമ്മ ഹീറോ, ഒരിക്കലും മാപ്പ് പറയരുത്'; പ്രവാചകനിന്ദയെ പിന്തുണച്ച് ഡച്ച് എം.പി
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദയിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് ഡച്ച് എം.പി രംഗത്ത്. നെതർലാൻഡിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ ഗീർറ്റ് വൈൽഡേഴ്സ് ആണ് നൂപുർ ശർമയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത്.
നൂപൂർ ശർമ്മ ഒരിക്കലും മാപ്പ് പറയരുതെന്നും ഉദയ്പൂർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അവർക്കില്ലെന്നും ഗീർറ്റ് വൈൽഡേഴ്സ് ട്വീറ്റ് ചെയ്തു. തീവ്ര അസഹിഷ്ണുതയുള്ള ജിഹാദി മുസ് ലിംകളാണ് ഉത്തരവാദികൾ. നൂപുർ ശർമ്മ ഹീറോയാണെന്നും ഗീർറ്റ് വിശേഷിപ്പിച്ചു.
നെതർലൻഡ്സിലെ മുസ്ലിം-കുടിയേറ്റ വിരുദ്ധ മുന്നണിയുടെ നേതാവാണ് ഗീർറ്റ് വില്‍ഡേഴ്സ്. 2018ൽ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം നടത്താനുള്ള ഗീർറ്റിന്റെ തീരുമാനം വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. വിവാദ കാര്‍ട്ടൂണ്‍ മത്സര പ്രഖ്യാപിച്ച ഗീര്റ്റിനെതിരെ വധഭീഷണി മുഴക്കി 26കാരൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും എന്നാല്‍, ഇസ്ലാമിനെതിരായ പ്രചാരണം തുടരുമെന്നും വില്‍ഡേഴ്സ് വ്യക്തമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ മത്സരവുമായി ബന്ധമില്ലെന്നാണ് നെതർലൻഡ്സ് സര്‍ക്കാര്‍ അന്ന് പ്രതികരിച്ചത്.
2005ല്‍ ഡാനിഷ് പത്രമായ ജില്ലൻറ്സ് പോസ്റ്റന് പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. 2015ല്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഭീകരർ ഫ്രാൻസിലെ ഷാര്‍ലി എബ്ദോ മാഗസിൻ ഓഫിസ് ആക്രമിച്ച് നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.
പ്രവാചകനിന്ദ നടത്തി മതവികാരം വ്രണപ്പെടുത്തുകയും ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് നൂപുർ ശർമയെ സുപ്രീംകോടതി ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. നൂപുർ ശർമക്കെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാറിനെയും പൊലീസിനെയും കോടതി കടന്നാക്രമിച്ചു.
പ്രവാചകനിന്ദയെ തുടർന്ന് തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്ന നൂപുർ ശർമയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പാർഡിവാല എന്നിവരാണ് പരാമർശങ്ങൾ നടത്തിയത്. വല്ലാത്ത നാണക്കേടാണെന്നും രാജ്യത്തോട് അവർ മാപ്പുപറയണമെന്നും സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.