ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പൈലറ്റ്; യാത്രക്കാർ ആറു മണിക്കൂർ കുടുങ്ങി, ഒടുവിൽ റോഡ് മാർഗം ജയ്പൂരിൽനിന്ന് ഡൽഹിയിലേക്ക്
text_fieldsന്യൂഡൽഹി: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പറക്കാൻ വിസമ്മതിച്ച് പൈലറ്റുമാർ. മോശം കാലാവസ്ഥയെ തുടർന്ന് ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ 112 വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്യൂട്ടി സമയം അവസാനിച്ചെന്നും പറക്കാൻ സാധിക്കില്ലെന്നുമറിയിച്ച് പൈലറ്റുമാർ രംഗത്തെത്തിയത്.
നിശ്ചയിച്ച സമയപട്ടിക പ്രകാരം വൈകീട്ട് നാലിനായിരുന്നു വിമാനം ഡൽഹിയിലെത്തേണ്ടത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 350 ഓളം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്ര തുടരാൻ അനുമതി ലഭിച്ചെങ്കിലും ഡ്യൂട്ടി സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൈലറ്റുമാർ യാത്ര തുടരാൻ വിസമ്മതിക്കുകയായിരുന്നു.
യാത്ര തുടരാൻ വേണ്ട സൗകര്യങ്ങൾ അധികാരികൾ ഒരുക്കുന്നില്ലെന്നും യാത്രക്കാർ ദുരിതത്തിലാണെന്നും യാത്രക്കാരിലൊരാളായ അദിത് ട്വിറ്ററിൽ വിവരം പങ്കുവെച്ചിരുന്നു.
യാത്രക്കാരുടെ ദുരിതം മനസിലാക്കുന്നുവെന്നും നടപടികൾ പുരോഗമിക്കുകയാണെന്നുമായിരുന്നു ട്വീറ്റിനോട് എയർ ഇന്ത്യയുടെ മറുപടി. വാഗ്ദാനങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഇതിനോട് അദിതിന്‍റെ പ്രതികരണം.
"ദയവായി തെറ്റായ വാഗ്ദാനങ്ങൾ നിർത്തൂ! ജയ്പൂർ എയർപോർട്ടിലെ ജീവനക്കാർ ഞങ്ങൾക്ക് ഒരു സഹായവും നൽകാൻ തയാറായിട്ടില്ല. എല്ലാ യാത്രക്കാരോടും റോഡ് മാർഗം യാത്ര തുടരാനായിരുന്നു ജീവനക്കാരുടെ നിർദേശം. ഇത് തികച്ചും യാത്രക്കാരെ പരിഹസിക്കുന്നതിന് തുല്യമാണ്. ദയവായി ഞങ്ങൾക്ക് ഡൽഹിയിലെത്താനുള്ള ബദൽ സംവിധാനം ഒരുക്കുക" -അദിത് ട്വിറ്ററിൽ കുറിച്ചു.
ഒടുവിൽ ആറ് മണിക്കൂർ ജയ്പൂരിൽ തുടർന്ന ശേഷം യാത്രക്കാരെ റോഡ് മാർഗം ഡൽഹിയിലെത്തിക്കാൻ സംവിധാനമൊരുക്കിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.