ലൈംഗികാതിക്രമ ഇരയുടെ മരണമൊഴി തള്ളരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: ഹാഥറസിൽ 19കാരി ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം ഉയരവേ ലൈംഗികാതിക്രമ കേസുകളിൽ കർശന നടപടിക്രമങ്ങൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ. അതിക്രമത്തിനിരയായ വ്യക്തി മരിക്കുന്ന സാഹചര്യത്തിൽ മരണമൊഴി ഒരു കാരണവശാലും തള്ളരുതെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ പറയുന്നു.
ഇരയുടെ മരണമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയില്ലെന്നതോ സാക്ഷികൾ ഒപ്പുവെച്ചില്ലെന്നതോ ആയ കാരണത്താൽ വിട്ടുകളയരുതെന്ന് നിർദേശത്തിൽ പറയുന്നു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ സി.ആർ.പി.സി പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം. പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിക്ക് പുറത്താണെങ്കിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു.
കേസുകൾ സർക്കാർ നിരീക്ഷിക്കുകയും കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. ബലാത്സംഗ കേസുകളിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കിയിരിക്കണം.
ഇരയായ വ്യക്തിയുടെ സമ്മതത്തോടു കൂടി 24 മണിക്കൂറിനകം വൈദ്യപരിശോധന നടത്തണം. ഹാഥറസിൽ 11 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സാംപിൾ പരിശോധനക്ക് അയച്ചത്. ഇതിൽ നിന്നാണ് ബലാത്സംഗം നടന്നിട്ടില്ലെന്ന വാദവുമായി യു.പി പൊലീസും അധികൃതരും രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.