അമൃതിനേക്കാൾ വലുതല്ല കോവിഡ്; യാഖൂബിെൻറ സ്നേഹത്തിന് കൈയടിച്ച് ലോകം
text_fieldsഭോപാൽ: കോവിഡ് മഹാമാരിയുടെ കാലത്ത് മനുഷ്യരാശി ഏറെ കഷ്ടതയനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ കെട്ട കാലവും കടന്ന് പോകുമെന്നും ഒടുവിൽ മനുഷ്യത്വം വിജയിക്കുമെന്നും ദുരിതങ്ങൾക്കിടയിലും ലോകം ഉറച്ചുവിശ്വസിക്കുന്നു. അതിെൻറ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ, മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള ഒരുചിത്രം. സ്വന്തം കൂര പിടിക്കാനുള്ള പലായനത്തിനിടെ അസുഖബാധിതനായ പ്രിയസുഹൃത്ത് അമൃതിനെ കോവിഡാണെന്ന് സംശയിച്ച് സഹയാത്രികർ ഉപേക്ഷിച്ചപ്പോഴും അവസാന ശ്വാസം വരെ കൂടെയുണ്ടായിരുന്നത് സുഹൃത്തായ യാഖൂബ് മുഹമ്മദ്. വെറുപ്പ് പടർത്താൻ ആളുകൾ ഒരുെമ്പട്ടിറങ്ങുന്ന ഇക്കാലത്തും ജാതിയുടെയും മതത്തിെൻറയും രാഷ്ട്രീയത്തിെൻറയും പേരിൽ തമ്മിലടിക്കുന്ന ജനങ്ങൾക്ക് മനുഷ്യസ്നേഹം ഇനിയും വറ്റിയിട്ടില്ലെന്ന് കാണിച്ചു തരികയാണ് ഈ ചിത്രം.
ഗുജറാത്തിലെ സൂറത്തിൽനിന്ന് ട്രക്കില്‍ യു.പിയിലെ സ്വന്തം നാടായ ബസ്തി ജില്ലയിലേക്ക് യാത്ര തിരിച്ചതാണ് 24 കാരനായ അമൃതും സുഹൃത്ത് യാഖൂബും. വസ്ത്രനിർമാണ ഫാക്ടറിയിലെ ജോലി നഷ്ടമായതിനെത്തുടർന്ന് ഓരോരുത്തര്‍ക്കും 4000 രൂപ വീതം നൽകിയായിരുന്നു യാത്ര. മധ്യപ്രദേശിലെ ശിവപുരിയിലെത്തിയപ്പോള്‍ അമൃതിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. കോവിഡാണെന്ന് കരുതി ട്രക്ക് ഡ്രൈവര്‍ അമൃതിനെ ഇറക്കിവിട്ടു. ഭയം കാരണം സഹയാത്രികരിലാരും അടുത്തുപോകാൻ പോലും കൂട്ടാക്കിയില്ല. എന്നാല്‍, യാഖൂബ് അമൃതിനെ വിട്ട് പോയില്ല. അമൃതിനെ കൂട്ടാത്ത ആ ട്രക്കിൽനിന്ന് അവനും കൂടെയിറങ്ങി.
അപ്പോഴേക്കും അമൃത് ബോധരഹിതനായിരുന്നു. ഹൈവേയിൽ ബോധരഹിതനായ അമൃത് യാഖൂബിെൻറ മടിയിൽ തല ചായ്ച്ചിരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ൈവറലായത്. റോഡിലിരുന്ന് ആളുകളോട് അവൻ സഹായം തേടുന്നുണ്ടായിരുന്നു. എന്നാൽ, പലരും അത് അവഗണിച്ച് കടന്നുപോയി. കൂട്ടത്തിലൊരാൾ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാരുന്നു.
ശേഷം നാട്ടുകാരുടെ സഹായത്തോടെ അമൃതിനെ യാഖൂബ് സമീപത്തെ ജില്ല ആശുപത്രിയിലെത്തിച്ചു. അമൃതിെൻറ ആരോഗ്യ നില വഷളായത് കണ്ട് ഡോക്ടർമാർ വെൻറിലേറ്ററിലാക്കിയെങ്കിലും അധികം വൈകാതെ മരിച്ചു. കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ട അമൃതിെൻറ കോവിഡ് പരിശോധന ഫലം വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുവെന്ന് ഡോക്ടർ പറഞ്ഞു. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ക്വാറൻറീനിൽ കഴിയുന്ന യാഖൂബിെൻറ പരിശോധന ഫലവും പുറത്തുവരാനുണ്ട്. യാഖൂബിനെയും അമൃതിനെയും പോലെ ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തം നാടുകളിലെത്താൻ കഷ്ടപ്പെടുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിന് ഇനിയും അറുതി വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.