ഇ. അബൂബക്കർ ജാമ്യ ഹരജി പിൻവലിച്ചു; വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: അർബുദബാധിതനായതിനാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന ഹരജി പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കർ പിൻവലിച്ചു. അസുഖത്തെ തുടർന്നുള്ള വേദന കാരണം ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യു.എ.പി.എ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇ. അബൂബക്കർ ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നുണ്ടായ കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചതിനാലാണ് വിചാരണക്കോടതിയെ തന്നെ സമീപിക്കാൻ ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുലും പുരുഷൈന്ദ്ര കുമാർ കൗരവുമടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഹരജി പിൻവലിക്കാൻ അനുമതി നൽകുകയാണെന്നും വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.
ആരോഗ്യാവസ്ഥ മാത്രം കണക്കിലെടുത്ത് അബൂബക്കറിനെ ജയിൽമോചിതനാക്കാനാവില്ലെന്ന് എൻ.ഐ.എ അഭിഭാഷകൻ വാദിച്ചു. ആരോഗ്യകാരണങ്ങളാൽ ജാമ്യമനുവദിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് അബൂബക്കർ ഹൈകോടതിയെ സമീപിച്ചത്.
അർബുദത്തിന് പുറമേ പാർക്കിൻസൺസ് രോഗവും ഇ. അബൂബക്കറിനെ അലട്ടുന്നുണ്ടെന്ന് അഭിഭാഷകൻ നേരത്തേ കോടതിയെ ധരിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കണമെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.
പ്രയോജനകരമായ ചികിത്സ ഉറപ്പുവരുത്തണമെന്ന് തിഹാർ ജയിൽ സൂപ്രണ്ടിന് ഹൈകോടതി നിർദേശം നൽകിയിരുന്നു. വിചാരണക്കോടതിയിലും ഹൈകോടതിയിലും നിരന്തരം ഹരജികൾ സമർപ്പിച്ച് അന്വേഷണപ്രക്രിയ വഴിതെറ്റിക്കാനാണ് അബൂബക്കറിന്റെ ശ്രമമെന്നാണ് എൻ.ഐ.എയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.