പാര്‍ലമെന്‍റിന്‍െറ ആദരമായി അവധി; അനാഥമായി അഹമ്മദിന്‍െറ ചോദ്യം
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നടപടികളുടെ ഏടുകളില്‍ നൊമ്പരമായി ഇ. അഹമ്മദിന്‍െറ അവസാന ചോദ്യം. ലോക്സഭയുടെ വ്യാഴാഴ്ചത്തെ അജണ്ടയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യപ്പട്ടികയില്‍ ഇ. അഹമ്മദിന്‍െറ പേരുമുണ്ട്. നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് ബന്ധപ്പെട്ട മന്ത്രി നേരിട്ട് സഭയില്‍ ഹാജരായി മറുപടി നല്‍കണം. മറുപടിയില്‍ തൃപ്തനല്ളെങ്കില്‍ ഏതാനും ഉപ ചോദ്യങ്ങള്‍ ഉന്നയിക്കാനും ചോദ്യകര്‍ത്താവിന് അവസരമുണ്ട്. രാവിലെ 11 മുതല്‍ 12 വരെയാണ് ചോദ്യോത്തര വേള. വ്യാഴാഴ്ച ഈ സമയമാകുമ്പോഴേക്ക് ഇ. അഹമ്മദ് ജന്മനാടായ കണ്ണൂര്‍ സിറ്റിയിലെ പള്ളിപ്പറമ്പില്‍ മണ്ണോട് ചേര്‍ന്നു കഴിഞ്ഞിരുന്നു.
അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ലോക്സഭക്ക് അവധിയായിരുന്നു. ചോദിക്കാതെ പോയ അഹമ്മദിന്‍െറ അവസാന ചോദ്യം അങ്ങനെ ചരിത്രത്തിന്‍െറ ഭാഗമായി. വകുപ്പ് മന്ത്രിമാരില്‍നിന്ന് മറുപടി ലഭിക്കാനായി എം.പിമാര്‍ എഴുതി നല്‍കുന്ന ചോദ്യങ്ങളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിരലിലെണ്ണാവുന്ന ചോദ്യങ്ങള്‍ മാത്രമാണ് നക്ഷത്ര ചിഹ്നമിട്ട് സഭയില്‍ നേരിട്ട് ഉന്നയിക്കാന്‍ അവസരം നല്‍കുക. വല്ലപ്പോഴുമാണ് ഓരോരുത്തര്‍ക്കും ഈ ‘ഭാഗ്യം’ ലഭിക്കുക.
അവസരം വന്നപ്പോഴേക്ക് പക്ഷേ, ചോദ്യകര്‍ത്താവ് സഭയോടും ലോകത്തോടും വിടചൊല്ലി പിരിഞ്ഞിരുന്നു. പി.കെ. ബിജു എം.പിയോടൊപ്പം ചേര്‍ന്നാണ് അഹമ്മദ് ചോദ്യം എഴുതി നല്‍കിയത്. സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോടായിരുന്നു ചോദ്യം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പുതിയ വിമാനത്താവള പദ്ധതിക്ക് എത്ര അപേക്ഷകള്‍ കിട്ടി?, ആ കൂട്ടത്തില്‍ കേരളത്തിലെ ശബരിമലയില്‍ വിമാനത്താവള പദ്ധതിയുണ്ടോ? ഏതൊക്കെ സംസ്ഥാനങ്ങളില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്‍കി?, പുതിയ വിമാനത്താവളത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അനുവദിച്ച ഫണ്ടിന്‍െറ സംസ്ഥാനം തിരിച്ചുള്ള കണക്ക് എത്രയാണ്? എന്നിങ്ങനെയാണ് ചോദ്യം.
പ്രവാസികളും യാത്രയുമെല്ലാം അഹമ്മദിന് ഏറ്റവും ഇഷ്ട വിഷയങ്ങളിലൊന്നാണ്. അദ്ദേഹത്തിന്‍െറ അവസാന ചോദ്യം അതുമായി ബന്ധപ്പെട്ടായത് യാദൃച്ഛികമാകാം. എന്നാല്‍, മലപ്പുറത്തുനിന്നുള്ള മുസ്ലിം ലീഗ് എം.പി ശബരിമലയില്‍ വിമാനത്താവളത്തിനുവേണ്ടി ചോദ്യമുന്നയിച്ച് രംഗത്തു വന്നത് അഹമ്മദിന്‍െറ രാഷ്ട്രീയത്തിലെ മതേതര കാഴ്ചപ്പാടിന്‍െറ വിളംബരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.