ഡൽഹി മെട്രോയിലെ സൗജന്യ യാത്രക്കെതിരെ ഇ.ശ്രീധരൻ പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്രിവാൾ സർക്കാറിൻെറ തീരുമാനത്തിനെതിരെ മെട്രോമാൻ ഇ.ശീധരൻ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ അതിൻെറ ചെലവ് ഡൽഹി സർക്കാർ തന്നെ വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി സർക്കാറിനും കേന്ദ്ര സർക്കാറിനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ തുല്യ പങ്കാളിത്തമാണുള്ളത്. ഒരു വിഭാഗത്തിന് മെട്രോയിൽ സൗജന്യ യാത്ര അനുവദിച്ചുള്ള ഡൽഹി സർക്കാറിൻെറ ഏകപക്ഷീയമായ തീരുമാനം ഡി.എം.ആർ.സിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവർത്തനമാരംഭിച്ചപ്പോൾത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാൻ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണ്. മെട്രോ സേവനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനും ഡി.എം.ആർ.സിയുടെ വായ്പ തിരിച്ചടക്കുന്നതിനുമുള്ള തുക കണ്ടെത്തുന്നതിനും ഇത് ആവശ്യമാണെന്നും ഇ.ശ്രീധരൻ കത്തിൽ പറയുന്നു.
അതേസമയം, സൗജന്യ യാത്ര കൊണ്ട് ഡൽഹി മെട്രോക്ക് ഒരു രൂപ പോലും നഷ്ടം വരില്ലെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. സൗജന്യ യാത്രക്കുള്ള ചെലവ് പൂർണമായും സർക്കാർ തന്നെ വഹിക്കുമെന്നും പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.