‘ആകാംക്ഷയോടെ കാത്തിരിക്കുന്നു’: മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച് ഇൻഡ്യാ മുന്നണി
text_fieldsന്യൂഡൽഹി: രണ്ടു വർഷത്തിലേറെയായി സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ ‘ഇൻഡ്യാ’ സഖ്യം കത്തയച്ചു. തങ്ങളുടെ നിസ്സഹായമായ ശബ്ദം ഉയർത്തുന്നതിനായി പ്രധാനമന്ത്രി മോദിയെ മലയോര മേഖലയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു.
‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇൻഡ്യാ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. ലക്ഷത്തോളം മനുഷ്യരെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുകയും നൂറുകണക്കിന് മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്ത പ്രക്ഷുബ്ധത സംസ്ഥാനത്തെ മുഴുവൻ തകർത്തു. കൂടാതെ, തുടർച്ചയായ അക്രമങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ അഭൂതപൂർവമായ വേദനയും ആഘാതവും ഭയവും പൂർണമായ നിസ്സഹായതയും ഉണ്ടാക്കിയെന്നും ഊന്നിപ്പറഞ്ഞു.
മോദി മണിപ്പൂർ സന്ദർശിക്കണമെന്നത് ഉൾപ്പെടെ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കു മുന്നിൽ വെച്ചത്. പ്രധാനമന്ത്രിക്ക് സമയമില്ലെങ്കിൽ മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. അവിടുത്തെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ അവിടെ സമാധാനവും സാധാരണ നിലയും കൊണ്ടുവരാൻ കഴിയൂ എന്ന് ഇൻഡ്യാ മുന്നണി അതിന്റെ മൂന്നാമത്തെ ആവശ്യത്തിൽ പറഞ്ഞു. മണിപ്പൂരിലെ ജനങ്ങൾ താങ്കളെ മണിപ്പൂരിന്റെ മണ്ണിൽ കാണാൻ കൊതിക്കുന്നുവെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ മാസം മണിപ്പൂരിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു നേരെ ആക്രമണം ഉൾപ്പെടെയുള്ള പുതിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷഭരിതമായ ജിരിബാമിലെ ബരാക് നദിയിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അതിനിടെ, മുൻ സർക്കാറുകൾ വികസനത്തെ വോട്ടുമായി തൂക്കിനോക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനസംഖ്യയും വോട്ടും കുറവായതിനാൽ വടക്കുകിഴക്കൻ മേഖലയുടെ പുരോഗതിക്ക് അവർ വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും ആരോപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം വർഷം പിന്നിട്ടിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി അവിടെ സന്ദർശിക്കാത്തതിനെ ചൊല്ലി തദ്ദേശീയരും പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജ്ജസ്വലത ആഘോഷിക്കുന്നതിനായി അവിടെ ‘അഷ്ടലക്ഷ്മി’ മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറാണ് ഈ മേഖലക്കുവേണ്ടി ആദ്യമായി ഒരു സമർപ്പിത മന്ത്രാലയം സൃഷ്ടിച്ചതെന്നും അതിന്റെ വികസനത്തിനായി എല്ലാ മന്ത്രാലയങ്ങളുടെയും 20 ശതമാനം ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നാളുകൾ കിഴക്കൻ ഇന്ത്യയുടെയും വടക്കുകിഴക്കൻ മേഖലകളുടേതുമാണെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.
മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവ പോലെ ഗുവാഹത്തി, ഷില്ലോങ്, ഇംഫാൽ, ഇറ്റാനഗർ, ഐസ്വാൾ തുടങ്ങിയ മേഖലയിലെ നഗരങ്ങൾ വളർച്ചയുടെ പുതിയ വഴിവിളക്കുകളാകും. ഊർജസ്വലമായ സംസ്‌കാരവും ചലനാത്മക ജനങ്ങളുമുള്ള വടക്കുകിഴക്കൻ മേഖലക്ക് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള വലിയ ശേഷിയുണ്ടെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.