പാട്ടിൽ ലയിച്ചിരുന്ന അവൻ പിതാവിന്‍റെ ആ വിളി കേൾക്കാതെ മരണത്തിലേക്ക് പോയി
text_fieldsചെന്നൈ: വിനോദയാത്രക്കിടെ റോഡരികിൽ നിന്ന 30-40 പ്രതിഷേധക്കാരെ കണ്ടപ്പോഴും രാജാവേലിന് അറിയില്ലായിരുന്നു, തന്‍റെ മകന്‍റെ ജീവൻ അവരുടെ കൈകളിലാണെന്ന്. സന്തോഷകരമായ യാത്രക്കിടെ കശ്മീരിൽ ശ്രീനഗർ-ഗുൽമർഗ് റോഡിലായിരുന്നു അപ്പോഴവർ. 'പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. പ്രതിഷേധക്കാർ വലിയ കല്ലുകൾ തങ്ങളുടെ ബസിന് നേരെ എറിയാൻ തുടങ്ങി. ബസ്സിനകത്തുള്ള എല്ലാവരോടും തലതാഴ്ത്തിയിരിക്കാൻ ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. എന്‍റെ മകൻ മാത്രം അതൊന്നും കേട്ടില്ല, ചെവിയിൽ ഇയർഫോൺ തിരുകി പാട്ടിൽ ലയിച്ച് ഇരിക്കുകയായിരുന്നു അവൻ.'
തിങ്കളാഴ്ച കശ്മീരിൽ വെച്ച് പ്രതിഷേധക്കാരുടെ കല്ലേറിൽ കൊല്ലപ്പെട്ട തിരുമണി സെൽവന്‍റെ മൃതദേഹവുമായി ചെന്നൈയിലെത്തിയ പിതാവ് രാജാമണി വിതുമ്പികൊണ്ടാണ് സംസാരിച്ചത്.
'ബസിന്‍റെ മുന്നിലെ സീറ്റിലായിരുന്നു ഞാൻ. ഞാൻ ഉറക്കെ വിളിച്ചു പറയുമ്പോഴും പാട്ടിൽ മുഴുകിയിരുന്ന അവന് ബസ്സിലും പുറത്തും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെക്കുറിച്ച് അറിയില്ലായിരുന്നു. അവൻ മാത്രം തലതാഴ്ത്തുകയോ മറഞ്ഞിരിക്കുകയോ ചെയ്തില്ല. പ്രതിഷേധക്കാർ എറിഞ്ഞ കല്ല് അവന്‍റെ നെറ്റിയിൽ തന്നെയാണ് വന്നുപതിച്ചത്- രാജാമണി പറഞ്ഞു.
സോളിങ്കനെല്ലൂരിലെ അക്സഞ്ചർ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന തിരുമണി സെൽവൻ(22) കുടുംബത്തോടൊപ്പം കശ്മീരിലേക്ക് വിനോദയാത്രക്ക് പോയതായിരുന്നു. വിൻഡോ സീറ്റിൽ ഇരുന്ന സെൽവൻ ചുറ്റും നടക്കുന്നത് എന്താണ് എന്നറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. തിരുമണിയെ ഉടൻ ഷേർ-ഇ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുമണിയുടെ മൃതദേഹം ഇൻഡിഗോ ഫ്ളൈറ്റിൽ ചെന്നൈയിലെത്തിച്ചു. രാജാമണിയുടെ ഭാര്യക്കും കല്ലേറിൽ സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്.
ബാരാമുള്ള ജില്ലയിലെ നർബാലിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഷോപിയാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പ്രതിഷേധക്കാർ മരിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ടൂറിസ്റ്റുകളുടെ ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറ് നടന്നു. തിരുമണി സഞ്ചരിച്ച ബസിൽ യാത്ര ചെയ്ത സബ്രീന എന്ന 19കാരിക്കും കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.