ചൈനയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം
text_fieldsബീജിങ്: ചൈനയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തെക്കൻ ചൈനയിലെ ഷിൻജിയാങ് മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.39ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഷിൻജിയാങ്-കിർഗിസ്താൻ അതിർത്തിയിൽ നിരവധി വീടുകൾ ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് 27 ട്രെയിനുകളുടെ സർവീസ് ഷിൻജിയാങ് റെയിൽവേ അടിയന്തരമായി നിർത്തിവെച്ചു.
പ്രധാന ഭൂചലനത്തിന് പിന്നാലെ 14ഓളം തുടർ ചലനങ്ങളും ഉണ്ടായതായി ചൈനീസ് അധികൃതർ അറിയിച്ചു. റിക്ടർ സ്കെയിലിൽ മൂന്നിന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 17 കിലോ മീറ്റർ അകലെയുണ്ടായ 5.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇതിൽ ഏറ്റവും വലുത്.
ഭൂചലനത്തിന് പിന്നാലെ തന്നെ ചൈനീസ് സർക്കാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.ആളുകൾക്ക് കോട്ടൺ ടെന്റുകളും, കോട്ടുകളും മടക്കാവുന്ന കട്ടിലും കിടക്കയും സ്റ്റൗവും വിതരണം ചെയ്തു. കസാഖിസ്താനിലും ചൈനയിലുണ്ടായ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ അൽമാട്ടിയിൽ കനത്ത തണുപ്പിനിടയിലും ഭൂചലനത്തെ തുടർന്ന് വീടുകൾ വിട്ടിറങ്ങാൻ ആളുകൾ നിർബന്ധിതരായെന്നാണ് റിപ്പോർട്ടുകൾ. ഉസ്ബെക്കിസ്താനിലും ഭൂചലനത്തെ പ്രകമ്പനം അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.