‘ഇൻഡ്യ’ക്കെതിരെ മോദി: ‘ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ട്, അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല’
text_fieldsന്യൂഡല്‍ഹി: മണിപ്പൂർ കലാപത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് -‘ഇൻഡ്യ’- ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധം. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യെ പരിഹസിച്ച് മോദി രംഗത്തെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിക്കുന്നതിനിടെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി എംപിമാരെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്കെതിരെ ആഞ്ഞടിച്ചത്. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ’ - മോദി കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ച രണ്ടുമണിവരേയും രാജ്യസഭ 12 മണിവരേയും നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, സംഘർഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചു പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിർബന്ധിതമാക്കാൻ ഏറ്റവും ഉചിതമായ മാർഗം അവിശ്വാസ പ്രമേയമാണെന്ന് ‘ഇൻഡ്യ’ വിലയിരുത്തി. ഇതിനായി കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ‘ഇൻഡ്യ’. സോണിയ ഗാന്ധി പാർലമെന്റിൽ മറ്റു നേതാക്കളെ കണ്ടു ചർച്ച നടത്തുന്നുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും.
മണിപ്പൂര്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് ‘ഇൻഡ്യ’ ആവശ്യപ്പെട്ടപ്പോള്‍ കേരളം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചമിബംഗാള്‍, തെലങ്കാന തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയും രംഗത്തെത്തി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ്ങിനെ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ 'ഇൻഡ്യ'യിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായി രാത്രിമുഴുവനും കുത്തിയിരിപ്പ് സമരം നടത്തി. പ്രധാനമന്ത്രി എവിടെ എന്ന് ചോദിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഞ്ജയ് സിങ്ങിനോടുള്ള ഐക്യദാര്‍ഢ്യമാണ് കുത്തിയിരിപ്പ് സമരമെന്ന് പ്രതിപക്ഷനേതാക്കള്‍ അറിയിച്ചു. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.