മുൻ ടി.ആർ.എസ് നേതാവ് എറ്റേല രാജേന്ദർ എം.എൽ.എ സ്ഥാനവും രാജിവെച്ചു; ഇനി ബി.ജെ.പിയിലേക്ക്
text_fieldsഹൈദരാബാദ്: ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് എറ്റേല രാജേന്ദർ എം.എൽ.എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് തെലുങ്കാന നിയമസഭ സ്പീക്കർ പോചാരം ശ്രീനിവാസ റെഡ്ഡിക്ക് കൈമാറിയതായി രാജേന്ദറിന്‍റെ ഒാഫീസ് മാധ്യമങ്ങളെ അറിയിച്ചു.
ഹുസൂറാബാദ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ എറ്റേല രാജേന്ദർ, ബി.ജെ.പിയിൽ ചേരുന്നതിന്‍റെ മുന്നോടിയായി ഏതാനും ദിവസം മുമ്പ് തെലങ്കാന രാഷ്ട്രസമിതിയിൽ (ടി.ആർ.എസ്) നിന്ന് രാജിവെച്ചിരുന്നു. തിങ്കളാഴ്ച എറ്റേല രാജേന്ദർ ഡൽഹിയിൽവെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
തെലങ്കാന സംസ്ഥാനത്തെ സ്വേച്ഛാധിപത്യ, സ്വജനപക്ഷപാത രാഷ്ട്രീയം അവസാനിപ്പിക്കാൻ ജനങ്ങൾ ബി.ജെ.പിയിൽ ചേരാൻ തയ്യാറാണ്. സ്വേച്ഛാധിപത്യ, സ്വജനപക്ഷപാത രാഷ്ട്രീയത്തിനും തെലങ്കാന രാഷ്ട്ര സമിതിയുടെ അഴിമതിക്കും എതിരാണ് പോരാട്ടമെന്നും വെള്ളിയാഴ്ച രാജേന്ദർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ നിന്ന് എറ്റേല രാജേന്ദറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ടി.ആർ.എസ് സ്ഥാപകരിൽ പ്രധാനിയായ രാജേന്ദർ, ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ ധനമന്ത്രി, ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. സംസ്ഥാനത്ത് വലിയ സ്വാധീന ശക്തിയുള്ള പിന്നാക്ക വിഭാഗമായ മുദിരാജ് സമുദായത്തിലെ മുതിർന്ന നേതാവാണ് രാജേന്ദർ.
ബി.ജെ.പി പ്രവേശനത്തിന് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, സംസ്ഥാനത്തെ മുതിർന്ന ബി.െജ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷൻ റെഡ്ഡി എന്നിവരുമായി രാജേന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.