അമിത് ഷാക്കെതിരായ പരാമർശം; തെളിവ് ഹാജരാക്കണമെന്ന് ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മുന്നോടിയായി 150 ജില്ലാ മജിസ്‌ട്രേറ്റുമാരെയും കലക്ടർമാരെയും ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുവരുത്തിയെന്ന ജയറാം രമേശിന്‍റെ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ. അവകാശവാദത്തിന്‍റെ വിശദാംശങ്ങൾ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കകം പങ്കിടണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നത് അനുവദനീയമല്ലെന്ന് കമീഷൻ ജയറാം രമേശിനയച്ച നോട്ടീസിൽ പറഞ്ഞു.ഒരു ദേശീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ഇത്തരം ഗുരുതരമായ ആരോപണങ്ങളുന്നയിക്കുമ്പോൾ അതിന് വ്യക്തമായ അടിത്തറയുണ്ടാകണം. വോട്ടെണ്ണലിന് തൊട്ടുമുമ്പ് നടത്തിയ പരാമർശങ്ങളിൽ വ്യക്തത വരുത്താൻ ഞങ്ങൾ ബാധ്യസ്ഥരാണെന്ന് കമീഷൻ നോട്ടീസിൽ പറയുന്നു.
"ആഭ്യന്തരമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാരെയും കലക്ടർമാരെയും വിളിക്കുന്നു. ഇതുവരെ 150 പേരോട് സംസാരിച്ചു. ഇത് നഗ്നവും ധിക്കാരപരവുമായ ഭീഷണിയാണ്, ഇത് ബി.ജെ.പിയുടെ നിരാശയാണ് കാണിക്കുന്നത്. ജനങ്ങളുടെ ഇഷ്ടം വിജയിക്കും. ജൂൺ നാലിന് മോദിയും ഷായും ബി.ജെ.പിയും പുറത്തുപോകും. ഉദ്യോഗസ്ഥർ ഒരു സമ്മർദത്തിനും വിധേയരാകരുത്. ഭരണഘടന ഉയർത്തിപ്പിടിക്കുകയും വേണം"- എന്നതായിരുന്നു ജയറാം രമേശിന്‍റെ എക്സ് പോസ്റ്റ്.
കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തി എന്ന് ജയറാം രമേശ് ആരോപിച്ച 150 ഫോൺകോളുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുകയാണെന്നും ആരോപണങ്ങൾ ശരിയാണെങ്കിൽ കൂടുതൽ നടപടികളെടുക്കുന്നതിന് അത് ഉപകരിക്കുമെന്നും കമീഷൻ നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.