മമത ബാനർജിക്കെതിരെ അപകീർത്തി പരാമർശം: ബി.ജെ.പിയുടെ ഗംഗോപാധ്യക്ക് വിലക്കേർപ്പെടുത്തി തെര. കമീഷൻ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തിപരാമർശം നടത്തിയ സംഭവത്തിൽ മുൻ ജഡ്ജിക്ക് പ്രചരണ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷൻ. കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഗംഗോപാധ്യ. മെയ് 21 വൈകീട്ട് അഞ്ച് മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്.
മയ് 15ന് ഹൽഡിയയിലെ പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗംഗോപാധ്യ മമതക്കെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. “മമത ബാനർജി, നിങ്ങൾ എത്ര രൂപക്കാണ് വിൽക്കപ്പെടുന്നത്? നിങ്ങളുടെ വില പത്തുലക്ഷമാണ്. കാരണം എന്താണ്? കാരണം നിങ്ങളുടെ മേക്ക് അപ്പ് എല്ലാം ചെയ്യുന്നത് കേയ സേത് ആണ്? മമത ബാനർജി, അവർ ഒരു സ്ത്രീയാണോ?,“ ഗംഗോപാധ്യ പറഞ്ഞു.
ഗംഗോപാധ്യയുടെ പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് മെയ് 16ന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. മെയ് 17ന് കമീഷൻ നേതാവിന് കാരണം കാണിക്കൽ നോട്ടീസയച്ചു. ഗംഗോപാധ്യ തെരഞ്ഞെടുപ്പ് ചടങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ അദ്ദേഹത്തിന്റെ പരാമർശം തരംതാണ വ്യക്തിഹത്യ നടത്തിയെന്നും വ്യക്തമാക്കി. മെയ് 20നായിരുന്നു ഗംഗോപാധ്യ മറുപടി സമർപ്പിച്ചത്.
അതേസമയം ഗംഗോപാധ്യയുടെ പരാമർശങ്ങൾ വളച്ചൊടിച്ചാണ് ടി.എം.സി സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ പോലൊരു വ്യക്തിക്ക് സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാധിക്കില്ലെന്നുമായിരുന്നു ബംഗാൾ ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം. ഭാരത സേവാശ്രമത്തിലെ സന്യാസിയെ വിമർശിച്ച മമത ബാനർജിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇങ്ങനെയാണെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇ.ൻ.ടി ഡോക്ടറെ കാണുന്നതാണ് ഉചിതമെന്നും അതിനായി ഡൽഹിയിലെ എയിംസിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.