വികസനമില്ലാത്തതിൽ നാട്ടുകാർ അടിച്ചു തകർത്ത ബി.ജെ.പി സിറ്റിങ് മണ്ഡലത്തിലെ ബൂത്തിൽ ഏപ്രിൽ 29ന് റീപോളിങ്
text_fieldsബംഗളൂരു: അടിസ്ഥാന സൗകര്യ വികസനമില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ അടിച്ചു തകർത്തതിനെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട ചാമരാജ് നഗർ ലോക്സഭ മണ്ഡലത്തിലെ ബൂത്തിൽ ഏപ്രിൽ 29ന് റീപോളിങ്. ചാമരാജ് നഗർ മണ്ഡലത്തിലെ ഇന്ദിഗണത വില്ലേജിലെ 146-ാം നമ്പർ ബൂത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമാണ് ചാമരാജ് നഗർ.
കർണാടകത്തിലെ 28 ലോക്സഭ മണ്ഡലങ്ങളിൽ 14 ഇടത്താണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഇന്ദിഗണത വില്ലേജിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ഒരു കൂട്ടം നാട്ടുകാർ പോളിങ് ബൂത്ത് കൈയേറുകയായിരുന്നു. ഇ.വി.എം അടക്കം പോളിങ് ബൂത്ത് നശിപ്പിച്ച നാട്ടുകാരുടെ പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാനെത്തിയ ആൾക്കും പരിക്കേറ്റു.
അടിസ്ഥാന സൗകര്യങ്ങളിൽ പോലും വികസനമില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഗ്രാമത്തിലുള്ളവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംഭവമറിഞ്ഞ് തഹസിൽദാർ ഗുരു പ്രസാദ്, താലൂക്ക് പഞ്ചായത്ത് ഓഫിസർ ഉമേഷ്, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ ഗ്രാമവാസികളെ അനുനയിപ്പിക്കാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മറ്റു വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. തുടർന്നാണ് ബൂത്ത് കൈയേറി ഇ.വി.എം അടക്കം നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ ഒളിവിലാണ്. ബൂത്ത് തകർത്തവർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്ന് കർണാടക അഡീഷനൽ ചീഫ് ഇലക്ടറർ ഓഫിസർ വെങ്കടേശ് കുമാർ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.