രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിെൻറ പരിധിക്ക് പുറത്ത്
text_fieldsന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിെൻറ പരിധിക്ക് പുറത്തെന്ന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് വിവാദമാകുന്നു. ആറ് ദേശീയ പാർട്ടികളെ സുതാര്യത നിയമത്തിന് കീഴിൽ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ (സി.െഎ.സി) നിർദേശത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമീഷെൻറ പുതിയ ഉത്തരവ്.
2013 ജൂണിൽ സി.െഎ.സി സുതാര്യത നിയമത്തിെൻറ പരിധിയിൽ കൊണ്ടുവന്ന ആറ് ദേശീയ പാർട്ടികൾ സ്വീകരിച്ച സംഭാവനകളെക്കുറിച്ചറിയാൻ വിവരാവകാശ പ്രവർത്തകൻ സമർപ്പിച്ച അപ്പീലിലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിവാദ മറുപടി. ആവശ്യപ്പെട്ട വിവരം കമീഷനിൽ ലഭ്യമല്ല. ഇത് രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതാണ്. അവ വിവരാവകാശ നിയമത്തിെൻറ പരിധിക്ക് പുറത്താണ്.
തെരഞ്ഞെടുപ്പ് ബോണ്ട് വഴി സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട വിവരങ്ങൾ 2017-18 സാമ്പത്തിക വർഷത്തെ സംഭാവന റിപ്പോർട്ടിൽ പാർട്ടികൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചേക്കാം. ഇതിെൻറ സമയപരിധി സെപ്റ്റംബർ 30 ആണ് -കേന്ദ്ര പൊതുവിവരാവകാശ ഒാഫിസറുടെ (സി.പി.െഎ.ഒ) മറുപടി അടങ്ങിയ അപ്പീൽ ഉത്തരവിൽ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷനിലെ ആദ്യ അപ്പീൽ അധികാരിയായ കെ.എഫ്. വിൽഫ്രഡ് സി.പി.െഎ.ഒ സ്വീകരിച്ച ഈ നിലപാട് അംഗീകരിക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുണെ സ്വദേശിയായ വിഹാർ ദുർവെയാണ് വിവരാവകാശ നിയമപ്രകാരം ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി, എൻ.സി.പി, സി.പി.െഎ, സി.പി.എം, എസ്.പി എന്നീ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവന വിശദാംശങ്ങൾ അറിയാൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
അപേക്ഷകൻ വിവരം ആവശ്യപ്പെട്ട ഏഴിൽ ആറ് പാർട്ടികളെയും കേന്ദ്ര വിവരാവകാശ കമീഷെൻറ സമ്പൂർണ ബെഞ്ച് 2013 ജൂൺ മൂന്നിന് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ കൊണ്ടുവന്നതാണ്.
ഈ ഉത്തരവ് ഹൈകോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെങ്കിലും രാഷ്ട്രീയ പാർട്ടികൾ ആവശ്യം നിഷേധിച്ചു. തുടർന്ന് നിരവധി സന്നദ്ധപ്രവർത്തകർ സി.െഎ.സി ഉത്തരവ് പാർട്ടികൾ അംഗീകരിക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സി.െഎ.സിയാണ് ഏക അപ്പീൽ അധികാരി. അതിനാൽ സി.െഎ.സിയാണ് വിവരാവകാശ നിയമത്തിെൻറ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെങ്കിൽ ഏതെങ്കിലും വിഭാഗത്തെ പൊതുസ്ഥാപനമായി പ്രഖ്യാപിക്കുന്നത്.
ആറ് ദേശീയ രാഷ്ട്രീയ പാർട്ടികളെ സി.െഎ.സി പൊതുസ്ഥാപനമായി പ്രഖ്യാപിക്കുകയും അത് ഹൈകോടതിയോ സുപ്രീംകോടതിയോ റദ്ദാക്കാതിരിക്കുകയും ചെയ്യുമ്പോൾ, അതിന് വിരുദ്ധമായ സമീപനം തെരഞ്ഞെടുപ്പ് കമീഷന് സ്വീകരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമീഷെൻറ വിവാദ ഉത്തരവ് നിലനിൽക്കില്ലെന്ന് മുൻ മുഖ്യ വിവരാവകാശ കമീഷണർ എ.എൻ. തിവാരി പറഞ്ഞു. ഇതു സംബന്ധിച്ച് വിശദീകരണം നൽകാൻ തെരെഞ്ഞടുപ്പ് കമീഷൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.