ആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ ബി.ജെ.പിക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ ബി.ജെ.പിക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ബി.ജെ.പി പങ്കുവെച്ച പോസ്റ്റുകൾ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ നവംബർ 23ന് വൈകീട്ട് 8 മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വിരേന്ദ്ര സഛ്ദേവക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആം ആദ്മിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും പരിഹസിക്കുന്ന തരത്തിൽ ബി.ജെ.പി ഔദ്യോഗിക എക്സ് പേജിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെയും എ.എ.പിയെയും അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. ഡൽഹി ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് പേജിൽ നവംബർ 5നാണ് വീഡിയോ പങ്കുവെക്കുന്നത്. നവംബർ 16നാണ് ആപ് പരാതി നൽകിയത്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ഒക്ടോബർ 9 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു.
നേരത്തെ രാജസ്ഥാനിൽ വിജയിക്കുമെന്ന തരത്തിൽ പത്രങ്ങളിൽ പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. കോൺഗ്രസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും മാപ്പ് പറയണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.