മോദിയുടെ വിദ്വേഷ പ്രസംഗം: തെരഞ്ഞെടുപ്പ് കമീഷൻ പരാതികൾ പരിശോധിച്ചു തുടങ്ങി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതികൾ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചു തുടങ്ങിയതായി സൂചന.
വിദ്വേഷ പ്രസംഗം നടത്തിയ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം. കോൺഗ്രസിനെ കൂടാതെ സി.പി.എമ്മും മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
രാജ്യത്തിന്റെ വിഭവങ്ങളിൽ ന്യൂനപക്ഷ സമുദായത്തിനാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്ന് അവകാശപ്പെട്ടാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സമ്പത്ത് മുഴുവൻ മുസ്‍ലിംകൾക്ക് വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബൻസ്‍വാരയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ച് പ്രചാരണം നടത്തിയ മോദിയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മോദിക്കും ബി.ജെ.പിക്കുമെതിരായ പരാതികൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു. മോദിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.