സംഭാവന വിവരങ്ങൾ നൽകുന്നില്ല, മറ്റ് നിയമലംഘനങ്ങൾ; 2100ലേറെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിക്ക് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: 2100ലധികം അംഗീകൃത, അനൗദ്യോഗിക രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ. നിയമങ്ങൾ പാലിക്കാത്തതും സംഭാവനകളുടെ വിവരങ്ങൾ കൃത്യമായി ബോധിപ്പിക്കാത്തതും പേര്, വിലാസം, ആസ്ഥാന മന്ദിരം എന്നിവയിലുള്ള മാറ്റങ്ങൾ ബോധിപ്പിക്കാത്തതുമായ പാർട്ടികൾക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചത്.
2020 സാമ്പത്തിക വർഷത്തിൽ 66 പാർട്ടികൾ ജനപ്രാതിനിധ്യ നിയമമനുസരിച്ചുള്ള നിയമാനുസൃതമായ വ്യവസ്ഥകൾ പാലിക്കാതെ നികുതി ഇളവ് ആവശ്യപ്പെട്ടു എന്നും 2174 പാർട്ടികൾ സംഭാവന റിപ്പോർട്ടുകൾ സമർപ്പിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടികാട്ടുന്നു.
തങ്ങളുടെ പ്രത്യേക അവകാശങ്ങൾ ഉപയോഗിച്ചും ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്തും മൂന്ന് രാഷ്ട്രിയപാർട്ടികൾ നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകൾ, മറ്റ് നിയമവിരുദ്ധമായ സാമ്പത്തിക ക്രമക്കേടുകൾ എന്നിവ നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കമീഷൻ പറഞ്ഞു.
കൂടാതെ 87 അംഗീകൃത, അനൗദ്യോഗിക രാഷ്ട്രീയപാർട്ടികളെ പട്ടികയിൽനിന്ന് നീക്കം ചെയ്യുമെന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിൽ 2796 അംഗീകൃത, അനൗദ്യോഗിക രാഷ്ട്രീയപാർട്ടികളാണുള്ളത്. ഇവയിൽ ഭൂരിഭാഗം പാർട്ടികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നില്ലെന്നും ജനാധിപത്യ മര്യാദകൾ പാലിക്കുന്നില്ലെന്നും ഇതിലൂടെ നിയമങ്ങൾ പാലിക്കാതിരിക്കുക മാത്രമല്ല, തെരഞ്ഞടുപ്പ് പ്രക്രിയയെ ദുർബലപ്പെടുത്തുകകൂടിയാണ് ചെയ്യുന്നത് എന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.