നാലുകോടിയുമായി പിടിയിലായത് ബി.ജെ.പി സ്ഥാനാർഥിയുടെ ഹോട്ടൽ മാനേജർ; പണം കടത്തിയത് സ്ഥാനാർഥിയുടെ നിർദേശപ്രകാരമെന്ന് പ്രതികൾ
text_fieldsചെന്നൈ: നഗരത്തിലെ താംബരം റെയിൽവേ സ്റ്റേഷനിൽ നാല് കോടി രൂപയുമായി പിടിയിലായത് തിരുനെൽവേലിയിലെ ബി.ജെ.പി സ്ഥാനാർഥി നയിനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ പുരസൈവാക്കത്തുള്ള ഹോട്ടലിന്റെ മാനേജറുൾപ്പെടെ മൂന്നുപേർ. ബി.ജെ.പി പ്രവർത്തകനും ഹോട്ടൽ മാനേജറുമായ അഗരം എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ (31), ഡ്രൈവർ തൂത്തുക്കുടി സ്വദേശി എസ്. പെരുമാൾ (26) എന്നിവരാണ് പിടിയിലായത്.
സ്ഥാനാർഥി നയിനാർ നാഗേന്ദ്രനുമായി ബന്ധമുള്ളവരുടെ നിർദേശപ്രകാരമാണ് പണം കടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വോട്ടർമാർക്ക് വിതരണം ചെയ്യാനിരുന്ന തുകയാണിതെന്നും കരുതപ്പെടുന്നു. ഇതേതുടർന്ന് നയിനാർ നാഗേന്ദ്രനുമായി ബന്ധപ്പെട്ട ചെന്നൈ, തിരുനൽവേലി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി.
കസ്റ്റഡിയിലെടുത്ത കറൻസി കൂടുതൽ അന്വേഷണത്തിനായി ആദായനികുതി വകുപ്പിന് കൈമാറി. അതേസമയം, താംബരം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിച്ചെടുത്ത കറൻസി ശേഖരവുമായി തനിക്ക് ബന്ധമില്ലെന്ന് നയിനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ആറ് ബാഗുകളിലായാണ് സംഘം പണം കടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചെന്നൈ നെല്ലൈ എക്സ്പ്രസ് ട്രെയിനിൽ എഗ്മോറിൽനിന്ന് പുറപ്പെട്ട് തിരുനെൽവേലിയിലേക്ക് പോകാനിരിക്കെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഫ്ലയിങ് സ്‌ക്വാഡ് താംബരം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 500 രൂപയുടെ നോട്ടുകൾ ബാഗുകളിലാക്കി സെക്കൻഡ് ക്ലാസ് എ.സി കോച്ചിലാണ് സൂക്ഷിച്ചിരുന്നത്.
തമിഴ്നാട്ടിലെ ബി.ജെ.പി സ്ഥാനാർഥികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.