ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് സന്നാഹം; വോട്ടർ പട്ടിക പുതുക്കാനുള്ള നിർദേശം പുറപ്പെടുവിച്ചു
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുടക്കം കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഇതിന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കമീഷൻ പുറപ്പെടുവിച്ചു. 2024 ജൂലൈ ഒന്നിന് 18 തികയുന്നവർക്കുവരെ പട്ടികയിൽ പേര് ചേർക്കാം. ആഗസ്റ്റ് ഒന്നുവരെ പട്ടിക പുതുക്കൽ നടപടികൾ തുടരും. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പട്ടിക പുതുക്കൽ നടപടികൾ വെള്ളിയാഴ്ച തുടങ്ങി.
2018ൽ, നിയമസഭ പിരിച്ചുവിട്ടശേഷം കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2019 ഒക്ടോബറിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂർത്തിയായശേഷം കശ്മീരിൽ 2024ൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമീഷൻ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ സാമാന്യം മികച്ച പോളിങ് ശുഭസൂചനയായിട്ടാണ് കമീഷൻ വിലയിരുത്തിയത്. കഴിഞ്ഞ ദിവസം കശ്മീർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
അടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കമീഷൻ അറിയിച്ചിട്ടുണ്ട്. ഹരിയാനയിൽ നവംബർ 11നും മഹാരാഷ്ട്രയിൽ 26നും ഝാർഖണ്ഡിൽ 2025 ജനുവരി അഞ്ചിനുമാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.