രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് എവിടെയിരുന്നും വോട്ട് ചെയ്യാനുള്ള സംവിധാനം അവതരിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിൽ എവിടെയിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താനാണ് അവസരമൊരുങ്ങുന്നത്. പുതിയ നിർദേശം തെരഞ്ഞെടുപ്പ് കമീഷൻ അടുത്ത മാസം 16ാം തീയതി രാഷ്ട്രീയപാർട്ടികൾക്ക് മുമ്പാകെ അവതരിപ്പിക്കും.
പുതുതായി വികസിപ്പിച്ച എം 3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
ഇതുസംബന്ധിച്ച ചർച്ചകൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എട്ട് ദേശീയപാർട്ടികളുടെയും 57 പ്രാദേശിക പാർട്ടികളുടേയും യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചത്. ഈ യോഗത്തിൽ പുതിയ വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്മീഷൻ നൽകും.
യുവാക്കൾ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.