വിവാദങ്ങൾക്കിടെ സമ്പൂർണ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചുഘട്ടങ്ങളിലെയും വോട്ടെടുപ്പിന്‍റെ സമ്പൂർണ വോട്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കമുള്ള കണക്കുകളാണ് കമീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കമീഷൻ കുറ്റപ്പെടുത്തി.
ഓരോ പോളിങ് സ്‌റ്റേഷനിലെയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17 സി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹരജികളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അഞ്ച് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്‍റെ ഓരോ സീറ്റുകളിലേയും സമ്പൂര്‍ണ വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
പോള്‍ചെയ്ത വോട്ടുകളുടെ കണക്കുകളും തെരഞ്ഞെടുപ്പ് ദിവസം എല്ലാ സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്‍റുമാര്‍ക്ക് നല്‍കിയ ഫോം 17 സിയിലെ കണക്കുകളും ആര്‍ക്കും മാറ്റാൻ കഴിയില്ലെന്ന് കമീഷന്‍ വ്യക്തമാക്കി.
ഏറെ സംശയങ്ങൾക്കിട വരുത്തിയ വോട്ടുകണക്കിലെ ഒളിച്ചുകളിക്കിടയിലാണ് തർക്കത്തിലിടപെടാൻ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചത്. കോടതി അവധി കഴിഞ്ഞേ ഹരജികൾ പരിഗണിക്കൂവെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീശ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷനെ വിശ്വാസത്തിലെടുക്കണമെന്ന് ഹരജിക്കാരെ ഉപദേശിച്ചിരുന്നു.
എല്ലാ പാർട്ടികളുടെയും ബൂത്ത് ഏജന്‍റുമാർ ഒപ്പിട്ട ഫോറം 17 സിയിലെ ബൂത്ത് തിരിച്ചുള്ള വോട്ടുകണക്ക് പുറത്തുവിടാൻ നിയമപരമായ ബാധ്യതയില്ലെന്നും ഇത് കുഴപ്പത്തിനിടയാക്കുമെന്നുമുള്ള കമീഷന്‍റെ വാദം കോടതി മുഖവിലക്കെടുക്കുകയായിരുന്നു. പോളിങ് വിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞ നിര്‍ദേശങ്ങളും വിധിയും തെരഞ്ഞെടുപ്പ് കമീഷന് ശക്തിപകരുന്നതാണെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.